കോഫി, കോൺവർസേഷൻ, സി​ഗരറ്റ് അതാണ് എന്നെയും പ്രണവിനെയും അടുപ്പിച്ചത്: ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്തെ ചർച്ചാവിഷയം. സംസാരം, കോഫി, സിഗരറ്റ് ഇത് മൂന്നുമാണ് തന്നെയും പ്രണവിനെയും ഒന്നിപ്പിച്ചതെന്നാണ് ധ്യാൻ പറയുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഫ്രണ്ട്ഷിപ്പ് ഉണ്ടായതുകൊണ്ട് തന്നെ അഭിനയിക്കുന്ന സമയത്ത് അത് ഗുണം ചെയ്തെന്നുമാണ് ധ്യാൻ പറഞ്ഞത്.

“അപ്പു അധികം സംസാരിക്കില്ല…. അപ്പുവിന്റേതായ സോണിൽ നിൽക്കുന്നയാളാണ് എന്നൊക്കെ എല്ലാവരും പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഷൂട്ടിന്റെ തുടക്കം മുതൽ തന്നെ ആവശ്യമില്ലാത്തതും ഉള്ളതുമായ കാര്യങ്ങൾ പറഞ്ഞ് നമ്മൾ എന്താണെന്ന് അപ്പുവിനെ ആദ്യമെ അറിയിച്ചിരുന്നു.

അങ്ങനെ അപ്പുവും അതിലോട്ടായി. മാത്രമല്ല അവന്റെ പല പേഴ്സണൽ കാര്യങ്ങളും എന്നോട് ഷെയർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുമിച്ച് വർക്ക് ചെയ്യാൻ കുറച്ചുകൂടി ഈസിയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പുണ്ടായി. അതുകൊണ്ട് പെർഫോം ചെയ്യുമ്പോൾ ഒരു ​ഗിവ് ആന്റ് ടേക്കുണ്ടായിരുന്നു. നാച്വറലി വന്നതാണ്. അതിനുകാരണം ഓഫ് സ്ക്രീനിലുള്ള കണക്ഷനാണ്.

ഷാരൂഖ് ഖാൻ പറയുന്നത് പോലെ കോഫി, കോൺവർസേഷൻ, സി​ഗരറ്റാണ് ഞങ്ങളേയും അടുപ്പിച്ചത്. സംസാരം, ചായ, സി​ഗരറ്റ് ശരിക്കും ചെന്നൈ കൾച്ചറാണ്. അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്. ഞാനും നന്നായി പുകവലിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഷൂട്ടിനിടയിലെ ബ്രേക്കിൽ സി​ഗരറ്റ് വലിക്കുമ്പോഴൊക്കെ ഞങ്ങൾ ചർച്ചകൾ നടത്താറുണ്ട്.

സിനിമയെ കുറിച്ചല്ല മറ്റ് പല കാര്യങ്ങളുമാണ് ചർച്ച. അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്ന ഫീലിങ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അതുപോലെ അടുത്തിടെ പുറത്തുവിട്ട ഈ സിനിമയുടെ ഒരു പോസ്റ്ററിൽ ഞാനും അപ്പുവും സി​ഗരറ്റ് വലിച്ച് ചായയും കുടിച്ച് ഇരിക്കുന്നതായി കാണാം.

അത് ഫോട്ടോയ്ക്കായി ഞങ്ങൾ പോസ് ചെയ്തതല്ല. ഞങ്ങൾ സി​ഗരറ്റ് വലിച്ച് ഇരിക്കുന്ന സമയത്ത് ക്രൂ സ്റ്റിൽ എടുത്ത് പോസ്റ്ററാക്കിയതാണ്. ഏട്ടനെ കാണാതെ മാറി നിന്നാണ് ഞാൻ സി​ഗരറ്റ് വലിക്കാറുള്ളത്. അപ്പുവിന് അതൊന്നും പ്രശ്നമല്ല. പക്ഷെ എനിക്ക് പ്രശ്നമായതുകൊണ്ട് അപ്പുവിനെയും കൊണ്ട് ഞാൻ മാറി നിൽക്കും.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് സംഗീത സംവിധാനമൊരുക്കുന്നത്.