ആ ലുക്ക് കാണുമ്പോഴാണ് നാണക്കേട്, ചെറുതായൊന്നു നാറി എന്നല്ലാതെ അന്ന് പറഞ്ഞതില്‍ കുറ്റബോധമില്ല: ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തനിക്ക് നവ്യ നായരോടുള്ള ഇഷ്ടവും ചേട്ടന്‍ വിനീതിന് മീര ജാസ്മിനോടുള്ള ഇഷ്ടവുമൊക്കെ തുറന്നു പറയുന്ന ധ്യാനിനെ ആയിരുന്നു പ്രേക്ഷകര്‍ ശ്രദ്ധിച്ചത്.

അന്ന് ആ അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് ഒന്നും തനിയ്ക്ക് യാതൊരു കുറ്റബോധവും ഇല്ല എന്നാണ് ധ്യാന്‍ പറയുന്നത്. പറഞ്ഞത് ഒന്നും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. ചെറുതായി ഒന്ന് നാറി. അത് സത്യമാണ്. പക്ഷെ അന്ന് പറഞ്ഞതില്‍ എല്ലാം താന്‍ ഉറച്ചു നില്‍ക്കുന്നു.

നവ്യ നായരോടും മീര ജാസ്മിനോടും തന്നെയാണ് ഇപ്പോഴും ഇഷ്ടം. അങ്ങനെ തുറന്ന് പറഞ്ഞതില്‍ ഒന്നും യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. കല്യാണം കഴിക്കുകയാണെങ്കില്‍ മലയാളിത്വമുള്ള നവ്യ നായരെ പോലെ ഒരു പെണ്‍കുട്ടിയെ കഴിക്കണം എന്നായിരുന്നു താന്‍ കരുതിയത്.

മീര ജാസ്മിനെ പോലെ ഒരു പെണ്‍കുട്ടിയെ ഏട്ടനും. ആ സമയത്താണ് ഒരു ചിത്രത്തില്‍ അല്‍പം ഗ്ലാമറായി നവ്യയെ കണ്ടത്. ബാല എന്ന തമിഴ് ചിത്രത്തില്‍ മീര ജാസ്മിനും സമാനമായ ലുക്കില്‍. സങ്കല്‍പങ്ങള്‍ക്ക് വിപരീതമായി ഇരുവരെയും കണ്ടപ്പോള്‍ തങ്ങള്‍ രണ്ട് പേരും തകര്‍ന്ന് പോയി. ആ പറഞ്ഞത് സത്യമാണ്.

വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് കിട്ടിയത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ ലാലു എന്ന കഥാപാത്രവുമായി ബന്ധമുണ്ട് എന്ന് പലരും പറഞ്ഞു. ആ പൊട്ടന്‍ കളിയും, സ്ത്രീ വിഷയും എല്ലാം അത് പോലെ തന്നെയാണ് എന്ന്.

ഒരു മീഡിയ സുഹൃത്താണ് തനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഒരു ഷൂട്ടിംഗ് സെറ്റിലായിരുന്നു താന്‍ അപ്പോള്‍. അന്ന് അത് കണ്ടു, വിട്ടു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഭവം വൈറലായി എന്ന് കാണുന്നത്.

തന്റെ അന്നത്തെ ലുക്ക് കാണുമ്പോള്‍ മാത്രമാണ് ചെറിയൊരു നാണക്കേട് തോന്നുന്നത്. അന്ന് മുടിയൊക്കെ പറ്റിച്ച് ചീകുന്നതായിരുന്നു ട്രെന്റ്. അന്ന് തന്റെ വിചാരം താന്‍ ഹൃത്വിക് റോഷനാണ് എന്നായിരുന്നു എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.