ആഴ്‌ച തോറും പൊട്ടുന്ന പടം മാത്രമിറക്കുന്ന നീയിത് പറയരുത് എന്നാണ് ബേസിൽ എന്നോട് പറഞ്ഞത്: ധ്യാൻ ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഷൈൻ ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികൾ കൊടുക്കുമെന്നും ധ്യാൻ പറയുന്നു.

“സെറ്റിൽ ബേസിൽ കൂടി എത്തിയപ്പോൾ കുറേക്കൂടി ജോളിയായി. ബ്രേക്കിന്റെ സമയത്തൊക്കെ ഞങ്ങൾ പരസ്‌പരം കളിയാക്കും. ആ സമയത്ത് ഞങ്ങളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ബേസിൽ അവന്റെ പുതിയ ഹിന്ദി സിനിമയുടെ കാര്യമൊക്കെ പറയുമായിരുന്നു.

നമ്മളെക്കാളും വലിയ ആളാണ് അവനെന്ന് കാണിക്കാൻ വേണ്ടിയായിരുന്നു അതൊക്കെ. ആദ്യമൊന്നും ഞാൻ വലിയ കാര്യമാക്കിയില്ല. കാരണം, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ചിന്തയായിരുന്നു.

ഇവന്റെ ഈ ഷൈൻ ചെയ്യൽ കൂടിയപ്പോൾ ഒരൊറ്റ കാര്യം ഞാൻ അങ്ങോട്ട് ചോദിച്ചു. നീ ഏത് ഭാഷയിലാണ് ഈ സിനിമയുടെ കഥ ഇതിലെ നടന് പറഞ്ഞുകൊടുത്തതെന്ന്? കാരണം അവന് ഹിന്ദിയും ഇംഗ്ലീഷും അറിയത്തില്ല. കുറച്ച് നേരം ഉത്തരം മുട്ടി നിന്നതിന് ശേഷം ആ നടൻ അവന് അയച്ച മെസേജ് കാണിച്ച് തന്നു.

അത് കണ്ടപ്പോൾ എല്ലാവരും അവന്റെ സൈഡായി. ഞാൻ മൊത്തത്തിൽ ഒറ്റപ്പെട്ടപ്പോൾ അവനെ പ്രാകി. നീ എടുക്കാൻ പോകുന്ന ഹിന്ദി പടം പൊട്ടിപ്പാളീസാകുമെന്ന് പറഞ്ഞു. ‘ആഴ്‌ച തോറും പൊട്ടുന്ന പടം മാത്രമിറക്കുന്ന നീയിത് പറയരുത്’ എന്ന് പറഞ്ഞ് അവൻ എൻ്റെ വായടപ്പിച്ചു.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.