പെണ്‍മക്കള്‍ക്ക് തുണയായി അമ്മമാരുണ്ട്, അതിനാലാണ് ഒരു പെണ്‍കുട്ടി, ആണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കാത്തത്: ബോബി-സഞ്ജയ്

പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഉയരെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ആസിഡ് ആക്രമണം നേരിടുന്ന പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. അമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കാറുണ്ടെന്നും എന്നാല്‍ അച്ഛന്മാരും ആണ്‍മക്കളും തമ്മില്‍ അത്തരമൊരു ബന്ധമില്ലാത്തതാണ് സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമാണ് ഇരുവരും പറയുന്നത്.

“അമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെ കുറിച്ചും ശാരീരിക മാറ്റങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷേ നമ്മുടെ അച്ഛന്മാര്‍ ആണ്‍കുട്ടികളോട് സമാനമായ എന്തെങ്കിലും കാര്യങ്ങള്‍ പറയാറോ പങ്കുവെയ്ക്കാറോ ഉണ്ടോ? അതുകൊണ്ട് തന്നെ ലൈംഗികത പോലുള്ള കാര്യങ്ങള്‍ ആണ്‍കുട്ടികള്‍ അറിയുന്നത് മൂന്നാംകിട മാഷുമാരില്‍ നിന്നാണ്. സ്ത്രീകളോടുള്ള സമീപനത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണവും ഇത് തന്നെ.”

“എങ്ങിനെയൊരു സ്ത്രീയെ കാണണം, ഒരു സ്ത്രീപുരുഷ ബന്ധത്തെ കാണണം എന്നതിനെ കുറിച്ച് അച്ഛന്മാരും ആണ്‍കുട്ടികളും തമ്മില്‍ തുറന്ന ചര്‍ച്ചയുണ്ടാകേണ്ടതാണ്. പെണ്‍മക്കള്‍ക്ക് അമ്മമാരുണ്ട്. അതുകൊണ്ടാണ് ഒരു പെണ്‍കുട്ടി ആണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കാത്തത്.” ബോബിയും സഞ്ജയും സിനിമാ പാരഡൈസോ ക്ലബ്ബുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

https://www.facebook.com/uyaremovie/posts/389592758554094?__xts__[0]=68.ARACiDfHS_ieoAZSF4_VcYJSGSb39sa-WaqdAEYx1WcvhlaoHTnX6Msy2AcXxgPy2qob7CCTOgqDtPaBSx7hu7qC4dAM4S6vcti1ND3mcG-_Ek1x4dwfLKF29pP6BbdEu5dyTOe_mpoOqlDzqK0_LGbr859FTn8fxMRwTXsPmulGTICcqbeEChZMF4RI6k5lU3xWg6mWKknTEVkiwfdukCVy7Ft5FcfN3KON3jYpFiaRiegNl_Nkkc0N4bawlHZ7ReBF8mU5nw5nzrYy6_IvzuYs0_c7GbAalD4tpyNSxSTy6RuyjlOv2jL16jSwgEXNqQFrqANXGjWMmXQRbPX2tB0&__tn__=-R