അച്ഛന്‍ അങ്ങനെയായിരുന്നു, അതിനാല്‍ സിനിമയില്‍ വരാന്‍ ആഗ്രഹമില്ലായിരുന്നു; പിതാവ് പപ്പുവിനെ കുറിച്ച് ബിനു

കുതിരവട്ടം പപ്പു എന്ന അച്ഛന്റെ പാതയിലൂടെ മകന്‍ ബിനു പപ്പുവും സിനിമയില്‍ എത്തിയിട്ടുണ്ട്. സഹസംവിധായകനായിട്ട് തുടങ്ങി പിന്നിട് ക്യാമറയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു. സിനിമയില്‍ എത്തിയതിന് ശേഷമാണ് താരം പപ്പുവിന്റെ മകനാണെന്ന് പ്രേക്ഷകര്‍ അറിയുന്നത്.

ക്യാമറയ്ക്ക് മുന്നിലുള്ള പപ്പുവിനെ മാത്രമാണ് പ്രേക്ഷകര്‍ക്ക് അറിയാവുന്നത്. ഇപ്പോഴിത പപ്പു എന്ന അച്ഛനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകന്‍ ബിനു പപ്പു. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുളള ഓര്‍മ്മ നടന്‍ പങ്കുവെച്ചത്. ചെറുപ്പത്തില്‍ അച്ഛനെ കാണാന്‍ കിട്ടിയിട്ടില്ലെന്നാണ് ബിനു പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ.. വിശേഷദിവസങ്ങളിലൊന്നും അച്ഛനെ വീട്ടില്‍ ഉണ്ടാവാറില്ലായിരുന്നു. പിന്നാള്‍ ദിവസം ഷര്‍ട്ട് വാങ്ങിയോ പാന്‍സ് വാങ്ങിയോ സ്‌കൂളില്‍ മിഠായി കൊടുത്തോ എന്നിങ്ങനെയുള്ള ചോദ്യം മാത്രമാണ് വരിക. അതെനിക്ക് വലിയ വിഷമമായിരുന്നു.

മിക്ക ഓണത്തിനും സദ്യ കഴിക്കാന്‍ ഇരിക്കുമ്പോഴാകും അച്ഛന്റെ ഫോണ്‍ വരുന്നത്. വളരെ വിരളമായി മാത്രമേ അദ്ദേഹം വീട്ടില്‍ ഉണ്ടാവാറുള്ളൂ. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മേഖലയാണ് സിനിമയെന്ന് അന്ന് തനിക്ക് തോന്നിയിരുന്നു. അതിനാല്‍ തന്നെ സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചില്ലെന്നും ബിനു പപ്പു പറയുന്നു.

സിനിമ കാണാനും സിനിമക്കാരേയുമൊക്കെ ഇഷ്ടമാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛന്റെ വിയോഗം. അദ്ദേഹം മരിച്ച് 13 വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ എത്തുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു