ഗോദയിലെ മലര്‍ത്തിയടി സീനിന് റീടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാര്‍ത്ഥന: ബിജുക്കുട്ടന്‍

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. സിനിമാരംഗത്തെ കുട്ടിതാരങ്ങളും പ്രമുഖരും കുട്ടികളുടെ ആഘോഷത്തിനൊപ്പം ചേരാന്‍ മേളയിലേക്ക് ദിനം പ്രതി എത്തുന്നുണ്ട്. ഇന്നലെ മേളയില്‍ അതിഥിയായി എത്തിയ ബിജുക്കുട്ടന്‍ കുട്ടികളുടെ ചോദ്യങ്ങളെ സരസമായ മറുപടികളിലൂടെ നേരിട്ട് കൈയടി വാങ്ങി. ഗോദ സിനിമയില്‍ നായിക വാമിക ഗബ്ബി മലര്‍ത്തിയടിച്ചപ്പോള്‍ എന്തു തോന്നിയെന്നാണ് ബിജുക്കുട്ടന്‍ നേരിട്ട രസകരമായ ചോദ്യം.

നല്ല വേദന തോന്നിയെന്നായിരുന്നു ബിജുക്കുട്ടന്‍റെ മറുപടി. “ആ സീന്‍ എടുത്തപ്പോള്‍ റീ ടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാര്‍ത്ഥന. നായികയാണല്ലോ മലര്‍ത്തിയടിക്കുന്നത്. പക്ഷേ, ആദ്യ ടേക്കില്‍ തന്നെ ആ സീന്‍ ഒകെയായി.” ചിരിയോടെ ബിജുക്കുട്ടന്‍ പറഞ്ഞു. മേളയില്‍ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയിലാണ് ബിജുക്കുട്ടന്‍ അതിഥിയായി എത്തിയത്.

സിനിമയില്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും ഇത്ര ചെറുപ്പത്തിലേ നല്ല സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ച നിങ്ങള്‍ക്കൊക്കെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും ബിജു കുട്ടന്‍ പറഞ്ഞു.

ഏഴു ദിവസം നീണ്ട മേള ഇന്നു സമാപിക്കും. 12നു കൈരളി തിയേറ്ററില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മികച്ച ചിത്രം, നടന്‍,നടി എന്നിവര്‍ക്കുള്ള പുരസ്‌കാരം അദ്ദേഹം സമ്മാനിക്കും. മേളയുടെ ഭാഗമായി കുട്ടികള്‍ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ സ്‌ക്രീനിംഗ് രണ്ടു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കും.