മമ്മൂട്ടി ആ സിനിമയില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്.. അദ്ദേഹത്തിന് വേണ്ടി എഴുതിയ പ്രോജക്ടില്‍ ഞാനും നായകനായിരുന്നു: ഭീമന്‍ രഘു

മലയാളത്തിലെ സൂപ്പര്‍ താരം ജയന്‍ തന്നെയാണെന്ന് ഭീമന്‍ രഘു. ജയനെ കുറിച്ച് ഭീമന്‍ രഘു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി പോലും ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തിന് വേണ്ടി എഴുതിയ ഒരു പ്രോജക്ടില്‍ താന്‍ അഭിനയിച്ചിരുന്നു എന്നാണ് ഭീമന്‍ രഘു പറയുന്നത്.

മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ എന്ന് പറയാന്‍ പറ്റുന്ന സൂപ്പര്‍ സ്റ്റാര്‍ ജയന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവും വേണ്ട. എല്ലാ അഭിനേതാക്കളും ജയനെ പോലെ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്റെ അതേ വേഷത്തില്‍ ഒരു പടത്തില്‍ സീമയുടെ കൂടെ മമ്മൂട്ടി അഭിനയിച്ചിരുന്നു.

ജയനെ ആര്‍ക്കും മറക്കാന്‍ പറ്റില്ല. ജയന്‍ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വേണ്ടി എഴുതി വച്ചൊരു പ്രോജക്ട് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. ജയന്റെ ഡെഡ്‌ബോഡി കൊല്ലത്ത് മറവ് ചെയ്യാന്‍ കൊണ്ടു പോയപ്പോള്‍ അതിന്റെ കൂടെ പോവാന്‍ എനിക്കും പറ്റിയിരുന്നു എന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറയുന്നത്.

‘കോളിളക്കം’ സിനിമയുടെ ഷൂട്ടിംഗിനിടെ 1980ല്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിക്കുന്നത്. ആദ്യ കാല മലയാള സിനിമയിലെ ആക്ഷന്‍ താരമായിരുന്നു ജയന്‍. മലയാളത്തില്‍ 120 ലേറെ സിനിമകളില്‍ ജയന്‍ അഭിനയിച്ചിട്ടുണ്ട്. 1974 ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Read more

അതേസമയം, ‘ചാണ’ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനും ആയിരിക്കുകയാണ് ഭീമന്‍ രഘു. ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.