ആ സിനിമയ്ക്ക് വേണ്ടി 15 ലക്ഷം രൂപ മാത്രമാണ് പൃഥ്വിരാജ് വാങ്ങിയത്; ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടുപോകുമായിരുന്നു; തുറന്നു പറഞ്ഞ് ബിസി ജോഷി

2011 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയെന്ന ചിത്രം നിര്‍മ്മിച്ചത് ബിസി ജോഷിയാണ്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. വീട്ടിലേക്കുള്ള വഴിയെന്ന സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ് പൃഥ്വിരാജ് വാങ്ങിയതെന്നും ഷൂട്ടിങ് സമയത്ത് അദ്ദേഹം എല്ലാ രീതിയിലും സഹകരിച്ചെന്നും ജോഷി പറയുന്നു.

 

‘സാറ്റലൈറ്റ് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജിനെ വെച്ച് ആ സിനിമ എടുത്തത്. 1.10 കോടി രൂപയാണ് അന്ന് സാറ്റലൈറ്റായി കിട്ടിയത്. ഡോ. ബിജുവാണ് പൃഥ്വിരാജിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്.

15 ലക്ഷം രൂപ മാത്രമാണ് പ്രതിഫലമായി പൃഥ്വിരാജിന് കൊടുത്തത്. അത് മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഒരു അവാര്‍ഡ് ഫിലിമല്ലേ. അത് എല്ലാവര്‍ക്കും പ്രയോജനമല്ലേ. പുള്ളിക്കുള്‍പ്പെടെ, ഒരുപക്ഷേ അതുകൊണ്ട് കൂടിയായിരിക്കാം.

 

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായിരുന്നു അത്. പൃഥ്വിരാജ് ഈ സിനിമയ്ക്കായി ഭയങ്കരമായി സഹകരിച്ചിട്ടുണ്ട്. ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടുപോകുമായിരുന്നു,” ബി.സി ജോഷി പറഞ്ഞു.