പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു, ഒരു പാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ട്: ബാബുരാജ്

സിനിമയിലെ തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ബാബുരാജ് . പണ്ട് സിനിമയില്‍ വില്ലനായും ഗുണ്ടയായും അഭിനയിച്ചിരുന്ന സമയത്ത് ഒരുപാട് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഡയലോഗ് പോലും പറയാനില്ലാതെയാണ് വര്‍ഷങ്ങളോളം സിനിമയില്‍ പിടിച്ചുനിന്നതെന്നും ബാബുരാജ് പറയുന്നു. ”പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു. അടികൊള്ളാന്‍ വേണ്ടി അഭിനയിക്കാന്‍ പോകുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ താഴെയാണ് സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല.” ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

കാര്‍ ഉണ്ടായിരുന്നെങ്കില്‍ പോലും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ലോക്കേഷനിലേക്ക് നടന്നാണ് പോയിരുന്നതെന്നും താരം ഓര്‍ക്കുന്നു. ”അന്ന് കാര്‍ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരസ്ഥലത്ത് നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും. കാര്‍ ഉണ്ടെന്നറിഞ്ഞാല്‍ ഉള്ള റോള്‍ പോവും.” ബാബുരാജ് പറയുന്നു.

അന്ന് എറണാകുളത്തെ ഒരു ലീഡിങ്ങ് വക്കീലിന്റെ ശിഷ്യനായിരുന്നിട്ടും സിനിമയോടുള്ള കമ്പം കാരണമാണ് ഇതെല്ലാം സഹിച്ചും നിലനിന്നതെന്നും ബാബുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

മലയാളത്തില്‍ ഒരിക്കലും തനിക്ക് പ്രത്യേകം ഒരു സ്ഥാനം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.