ദിലീപ് ചവിട്ടിയത് മാറി, എന്റെ രണ്ട് കൈയും ഒടിഞ്ഞു, ആശുപത്രിയില്‍ കൊണ്ടു പോയില്ല.. ആ സീന്‍ അതുപോലെ സിനിമയിലുണ്ട്: ബാബുരാജ്

വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നത് കൊണ്ട് അപകടസാദ്ധ്യതകളുള്ള ഒരുപാട് സംഘട്ടന രംഗങ്ങള്‍ തനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ബാബുരാജ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ ദിലീപിന്റെ ചവിട്ടേറ്റ് തളര്‍ന്നു വീണ തന്നെ ഷൂട്ട് തീരുന്നതു വരെ ആശുപത്രിയില്‍ കൊണ്ടു പോയില്ല എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

ചാക്കോച്ചനും ദിലീപും അഭിനയിച്ച ‘ദോസ്ത്’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് തന്റെ രണ്ടു കൈയ്യും ഒടിയുന്നത്. ആംബുലന്‍സിന് മുകളില്‍ തൂങ്ങിപ്പിടിച്ചുള്ള ഫൈറ്റാണ്. കാലത്ത് മുതല്‍ വൈകിട്ട് വരെ ഫൈറ്റാണ്. ത്യാഗരാജന്‍ മാസ്റ്ററാണ്. നാല് നാലര മണിയായപ്പോള്‍ കഴിഞ്ഞു എന്ന് മാസ്റ്റര്‍ പറഞ്ഞു. ഇനിയുള്ളത് ഡ്യൂപ്പ് ചാടുക മാത്രമാണ്.

പക്ഷെ ആ സമയത്ത് ജനം അവിടെ വന്ന് അങ്ങു കൂടി. അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു, ‘ബാബു നീ ചാടാന്‍ നോക്കൂ, ആളുകള്‍ നില്‍ക്കുമ്പോള്‍ ഡ്യൂപ്പ് ചാടിയാല്‍ ശരിയാകില്ല’ എന്ന്. നമ്മള്‍ എന്തെങ്കിലും സ്പോര്‍ട്സ് ഓക്കെ ചെയ്യുമ്പോള്‍ നല്ല വാമായിരിക്കും. അത് കഴിഞ്ഞൊന്ന് വിശ്രമിച്ചിട്ട് ചെല്ലുമ്പോള്‍ വാം അപ്പിന്റെ ഒരു പ്രശ്നമുണ്ടാകുമല്ലോ.

കാലത്ത് മുതല്‍ ഇതിന്റെ മുകളിലാണ്. ആംബുലന്‍സിന്റെ മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ലൈറ്റ് മാത്രമാണുള്ളത്. ആ സീന്‍ കണ്ടാല്‍ അറിയാം. അങ്ങനെ ചെയ്യാനായി റെഡിയായി. അന്ന് ചാക്കാണ് വയ്ക്കുന്നത്. കടലാസൊക്കെ നിറച്ച് വച്ചിരിക്കും. ദിലീപ് ചവിട്ടുന്നു, താന്‍ ചാക്കിലേക്ക് വീഴുന്നു. അതാണ് ഷോട്ട്.

ആള്‍ക്കാരുടെ ആവേശവും ബഹളമുണ്ട്. താന്‍ ബാലന്‍സില്ലാതെ ഇങ്ങനെ നില്‍ക്കുകയാണ്. ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, താന്‍ നേരെ റോഡിലേക്ക്. രണ്ട് കയ്യും ഒടിഞ്ഞു. തല ഇടിച്ചില്ല. ആ ഷോട്ട് പടത്തില്‍ അങ്ങനെ തന്നെ ഇട്ടിട്ടുണ്ട്. തന്നെ അന്ന് ആശുപത്രിയില്‍ കൊണ്ടു പോയില്ല. ഷൂട്ട് തീരാനിരിക്കുകയാണ്.

പിന്നെ തന്നെ കുഴിച്ചിടുകയും ഡമ്മി കാല് വയ്ക്കുകയുമൊക്കെ ചെയ്തു. അപ്പോഴേക്കും തന്റെ ബോധം പോയി തുടങ്ങിയിരുന്നു. തന്നെ എടുത്തോണ്ട് ആശുപത്രിയിലേക്ക് പോയി. രണ്ട് കയ്യും പ്ലാസ്റ്ററിട്ടു. തന്റെ കൈ ഇപ്പോഴും നേരെ നില്‍ക്കില്ല എന്നാണ് ബാബുരാജ് പറയുന്നത്.