മീടു; ആരോപണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല, സ്ത്രീകളെ അനുമോദിക്കുകയാണ് വേണ്ടത്; ബി ഉണ്ണി കൃഷ്ണന്‍

സിനിമാ രംഗത്ത് ഉയര്‍ന്നുവരുന്ന മീടു ആരോപണങ്ങളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മീ ടു ആരോപണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചല്ല ആദ്യം ചിന്തിക്കേണ്ടതെന്ന് സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അത്തരം ആരോപണങ്ങളുമായി മുന്നോട്ടുവരുന്ന സ്ത്രീകളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മീടുവിനെക്കുറിച്ച് സംസാരം ആരംഭിക്കുന്നത് തന്നെ അതിന്റെ വിശ്വാസ്യതയെക്കുറിച്ചാണെങ്കില്‍ തീര്‍ച്ചയായും അത് ഗുണം ചെയ്യുക ആണുങ്ങള്‍ക്കാണ്. ആണധികാരത്തിനാണ്. കാരണം പ്രഥമദൃഷ്ട്യാ നിങ്ങളുടെ വിശ്വാസ്യത ദുര്‍ബലപ്പെട്ടിരിക്കുന്നു എന്ന അനുമാനത്തിലാണ്. തുറന്നുപറയാന്‍ സ്ത്രീ മുന്നോട്ട് വരികയെന്നത് തന്നെ ഒരു വലിയ സംഗതിയാണ്. അതിനെ നമ്മള്‍ പ്രശംസിക്കേണ്ടതുണ്ട്. ഏതൊരു തുറന്നു പറച്ചിലിനെയും പോലുള്ള അപഭ്രംശങ്ങള്‍ ഇതിലുമുണ്ടാകാം.

എന്നാല്‍ ആ അപഭ്രംശായിരിക്കരുത് നമ്മള്‍ ആദ്യം കണക്കാക്കേണ്ടത്. ആണധികാര വ്യവസ്ഥിതിയെ ചിദ്രപ്പെടുത്തിക്കൊണ്ട് കുറേയേറെ സ്ത്രീകള്‍ അവരുടെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ്. പലരും പറയാറുണ്ട് നിങ്ങള്‍ എന്തു കൊണ്ട് നിയമപരമായ നടപടികളിലേക്ക് പോകുന്നില്ല എന്ന്. ആ നിയമവ്യവസ്ഥയെക്കൂടി അവര്‍ വെല്ലുവിളിയില്‍ നിര്‍ത്തുകയാണ്. തുറന്നുപറച്ചിലിലൂടെ അവര്‍ അസ്ഥിരപ്പെടുത്തുന്നത് ഒരു അമൂര്‍ത്തമായ ആണധികാര വ്യവസ്ഥിതിയാണ്. അതു കൊണ്ട് വിശ്വാസ്യതയെക്കുറിച്ച് അവസാനം ചിന്തിച്ചാല്‍ മതി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.