'ആരാടാ പാട്ട് നിര്‍ത്തിയത്' എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ മുന്നില്‍ ലാലേട്ടന്‍: അശ്വത് ലാല്‍

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം പ്രക്ഷകരുടെ ഹൃദയത്തിലും ആവേശം തീര്‍ത്തിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ കഥാപാത്രം അരുണിന്റെ സുഹൃത്തായി എത്തിയ ആന്റണി താടിക്കാരന്‍ തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിക്കുകയാണ്.

ആന്റണിയെ അവതരിപ്പിച്ച അശ്വത് ലാല്‍ പ്രണവിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും അവിടെ മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ചും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വത് സംസാരിച്ചത്.

തങ്ങള്‍ എല്ലാവരും അപ്പുവിന്റെ വീട്ടില്‍ അവന്‍ ക്ഷണിച്ചിട്ട് പോയിരുന്നു. വിനീതേട്ടനൊക്കെ കൂടെയുണ്ടായിരുന്നു. അവിടെ വച്ച് ലാലേട്ടനെ കണ്ട മൊമെന്റ് ഭയങ്കര രസമായിരുന്നു. അപ്പുവിന്റെ വീടിന്റെ ഹാളില്‍ പാട്ട് വച്ച് ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്.

തങ്ങള്‍ക്ക് അറിയാം, മോഹന്‍ലാലിന്റെ വീട്ടിലാണെന്ന്. പക്ഷെ എല്ലാരും ഡാന്‍സ് കളിക്കുവാ. ആരും മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ ഒരാള്‍ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടേയും ഡാന്‍സ് ഒക്കെ കണ്ട് ചാരി നിക്കുവാ. പതുക്കെയാണ് പലരും കണ്ടത്.

താനൊന്നും അറിയുന്നു പോലുമില്ല. അവസാനം പാട്ട് നിര്‍ത്തി. അപ്പോള്‍ ‘ആരാടാ പാട്ട് നിര്‍ത്തിയത്’ എന്ന് പറഞ്ഞ് താന്‍ തിരിഞ്ഞ് നോക്കി. അപ്പോള്‍ ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുകയാണ് എന്നാണ് അശ്വത് പറയുന്നത്. അതേസമയം, പ്രണവുമായി ബോണ്ടിംഗ് ഉണ്ടാക്കിയതിനെ കുറിച്ചും അശ്വത് തുറന്നു പറഞ്ഞിരുന്നു.

തനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പ്രണവ് ഒന്നു മൂളിയിട്ട് തിരിഞ്ഞിരിക്കുകയാണ് ചെയ്തത്. കുറച്ച് നിമിഷത്തിന് ശേഷം തന്നെ തോണ്ടി വിളിച്ചിട്ട് തനിക്കും ഒന്നും അറിയില്ലെന്ന് പ്രണവും പറയുകയാണ് ചെയ്തതെന്നും അശ്വത് പറഞ്ഞിരുന്നു.