കണിശക്കാരിയായ ടീച്ചറാണ് ഞാന്‍, പക്ഷെ ഇത്തവണ എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു: അഞ്ജു അരവിന്ദ്

നടി അഞ്ജു അരവിന്ദിന് സര്‍പ്രൈസ് ഒരുക്കി ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അഞ്ജുവിന്റെ അമ്പതാം പിറന്നാള്‍ ദിനത്തിലാണ് വിദ്യാര്‍ഥികള്‍ സര്‍പ്രൈസ് ഒരുക്കിയത്. തന്റെ മക്കള്‍ ശരിക്കും കരയിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് അഞ്ജു ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കെട്ടോ, സന്തോഷം കൊണ്ട്. സത്യത്തില്‍ ഒരു കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പക്ഷേ എന്റെ മക്കള്‍ സര്‍പ്രൈസ് ആഘോഷം പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു.”

”പൊതുവെ കണിശക്കാരിയായ ടീച്ചറാണ് ഞാന്‍. ക്ലാസില്‍ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലപോലെ വഴക്കു പറയാറുണ്ട്. നാലഞ്ച് വര്‍ഷം മുമ്പ് പതിനാല് വയസുള്ള എന്റെ വിദ്യാര്‍ഥിയെ നല്ലപോലെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള കുട്ടി ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിന് വന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ എന്നെ പരാതി പറയാനായി വിളിച്ചു.”

”എന്നെ തിരുത്താനായിരുന്നു അവരുടെ ശ്രമം. പക്ഷേ ന്യൂജനറേഷന്‍ ആയാലും കഴിവുള്ള കുട്ടികളെ ഇതുപോലെ തന്നെ നേരെയാക്കണമെന്നാണ് ഞാന്‍ മറുപടിയായി പറഞ്ഞത്. ഇന്ന് ഈ സംഭവം പറയാന്‍ ഒരു കാരണമുണ്ട്. ഈ പിറന്നാള്‍ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്‌നേഹം കണ്ടപ്പോള്‍, പിറന്നാള്‍ ആഘോഷിക്കാന്‍ അവര്‍ എടുത്ത എഫേര്‍ട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു.”

Read more

”ആത്മാര്‍ഥമായാണ് നമ്മള്‍ പഠിപ്പിക്കുന്നതെങ്കില്‍ അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്‌നേഹവും കരുതലും അവര്‍ തിരിച്ചറിയും” എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്. അതേസമയം, സിബി മലയില്‍ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ അരങ്ങേറ്റം. ജഗാല ആണ് താരത്തിന്റെതായി ഒടുവില്‍ എത്തിയ സിനിമ.