എന്റെ സിനിമ തെറ്റായ കാര്യങ്ങളെ ന്യായീകരിക്കരുത് എന്ന നിർബന്ധമുണ്ട്: അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.

ഇപ്പോഴിതാ സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. സമൂഹം ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് സിനിമ എന്നാണ് അനശ്വര രാജൻ പറയുന്നത്. കൂടാതെ തന്റെ സിനിമയിലൂടെ തെറ്റായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യില്ലെന്നും അനശ്വര പറയുന്നു.

“ഞാൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളായിരുന്നു. എന്നോടൊന്നും പറയേണ്ട എന്ന മട്ടിലാണ് പലപ്പോഴും കാര്യങ്ങളെ കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അതു മാറി. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലെ കമൻ്റുകളും മറ്റും കാണുമ്പോൾ.

പ്രതികരിക്കാതിരിക്കുന്നത് അവർ പറയുന്നത് ശരിയായതുകൊണ്ടല്ല അത്തരം കമൻ്റുകൾ പറയുന്നവർക്ക് അത്രയും വില നൽകിയാൽ മതി എന്നുള്ളത് കൊണ്ടാണ്. അതിനർത്ഥം എന്തും സഹിക്കും എന്നല്ല കേട്ടോ പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിച്ചാൽ പോരെ. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ സിനിമ സഹായിച്ചിട്ടുണ്ട്.”

സമൂഹം ഇപ്പോൾ എന്ത് ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമല്ലേ സിനിമ. ഇന്ന് നാം ശരിയല്ലെന്ന് പറയുന്ന സിനിമകളൊക്കെ കണ്ട് പലരും കൈയടിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് അതിനു സാധിക്കാത്തത് നമ്മുടെ ഉള്ളിൽ വന്ന മാറ്റം മൂലമാണ്. സിനിമ വിനോദോപാതിയാണ്. എന്ന് കരുതി തെറ്റായ കാര്യങ്ങളെ ഗ്ലോറിഫെ ചെയ്യേണ്ടതില്ലല്ലോ. എൻ്റെ സിനിമയിൽ അതുണ്ടാകരുതെന്ന് നിർബന്ധമുണ്ട്.” എന്നാണ് അനശ്വര രാജൻ മലയാള മനോരമയോട് പറഞ്ഞത്.