മോശമായ സിനിമയെ കുറിച്ച് റിലീസിന് മുമ്പേ നല്ലതാണെന്ന് പറഞ്ഞാല്‍ കള്ളമല്ലേ? പ്രേക്ഷകരോട് മിണ്ടരുതെന്ന് പറയുന്നത് ബാലിശം: അജു വര്‍ഗീസ്

ഒരു സിനിമ റിലീസ് ആയ ഉടന്‍ തന്നെ പലപ്പോഴും സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന തരത്തില്‍ റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇതിനെതിരെ സിനിമാപ്രവര്‍ത്തകര്‍ പ്രതികരിക്കാറുമുണ്ട്. ഈ പ്രവണതയോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

റിലീസിന് പിന്നാലെ റിവ്യൂ പറയുന്ന പ്രവണത തടയുന്നത് നടക്കാത്ത കാര്യമാണ്. പ്രേക്ഷകര്‍ക്ക് ഒരു സിനിമ കൊടുത്തിട്ട് അതേ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ബാലിശമാണ്. അങ്ങനെയെങ്കില്‍ ഒരു മോശമായ സിനിമയെ കുറിച്ച് താന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ റിലീസിന് മുമ്പേ നല്ലതാണ് എന്ന് പറഞ്ഞാല്‍ അത് കള്ളമല്ലേ.

ആ സിനിമ വിജയിച്ചില്ലേലോ. നമ്മള്‍ ഒരു പ്രൊഡക്ട് പുറത്തുവിട്ടിട്ട് അതേ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് അജു വര്‍ഗീസ് പറഞ്ഞു. അതേസമയം സിനിമയെ കൊല്ലുന്ന തരത്തില്‍ മനപ്പൂര്‍വ്വം എഴുതുന്നവര്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് നിവിന്‍ പോളി അഭിപ്രായപ്പെട്ടു.

സാറ്റര്‍ഡേ നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരങ്ങള്‍ സംസാരിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരാണ് സാറ്റാര്‍ഡേ നൈറ്റ്‌സില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.