അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെന്ന കാരണത്താല്‍ ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ വെറുപ്പ് തുപ്പുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്; പ്രാപ്തി എലിസബത്തിനെതിരെ അഹാന കൃഷ്ണ

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ പ്രാപ്തി എലിസബത്തിനെതിരെ നടി അഹാന കൃഷ്ണ രംഗത്ത്. പലസ്തീൻ- ഇസ്രയേൽ വിഷയത്തിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ ആണെന്ന് പ്രാപ്തി നേരത്തെ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നിലപാട് അറിയിച്ചിരുന്നു. ശേഷം മലയാളത്തിലെ സെലിബ്രിറ്റികളിൽ ഇസ്രയേലിനെ പിന്തുണക്കുന്നവർ ആരൊക്കെയെന്ന പ്രാപ്തിയുടെ ക്യു ആന്റ് എ സെഷനിലാണ് പ്രാപ്തി അഹാനക്കെതിരെ രംഗത്തുവന്നത്. അഹാന കൃഷണയുടെ കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രാപ്തി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.

ഇപ്പോഴിതാ പ്രാപ്തിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. വസ്തുത എന്തെന്നറിയാന്‍ വെറും രണ്ട് മിനിറ്റ് നിങ്ങള്‍ എന്തുകൊണ്ട് മാറ്റിവച്ചില്ല? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തലോ എന്ന് അഹാന ചോദിക്കുന്നു.

“അടിസ്ഥാനരഹിതമായൊരു സ്റ്റോറി പങ്കിടാന്‍ വേണ്ടി മാത്രം ഞങ്ങളുടെ ഒരു കുടുംബ ചിത്രം കണ്ടെത്താന്‍ നിങ്ങള്‍ നടത്തിയ അധ്വാനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ നിങ്ങളുടെ കണ്ടന്റുകള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നുവല്ലോ ചോദ്യമാണ് മനസ്സില്‍ വരുന്നത്

ഇനി ഞാന്‍ എന്റെ കാഴ്ചപ്പാട് പറയാം. ഈ പറഞ്ഞ വിഷയത്തില്‍ എന്റെ നിലപാട് എന്താണെന്ന് ഞാന്‍ വിശദമാക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിരുന്നോ? ഇല്ല. അതിനാല്‍ ഞാന്‍ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ പ്രാപ്തി. എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇതുപോലൊരു സ്റ്റോറി പങ്കുവച്ചത്? വസ്തുത എന്തെന്നറിയാന്‍ വെറും രണ്ട് മിനിറ്റ് നിങ്ങള്‍ എന്തുകൊണ്ട് മാറ്റിവച്ചില്ല? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമോ?

ഒരിക്കല്‍ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങള്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യത്തിന് വേണ്ടി നിങ്ങള്‍ ശ്രദ്ധനേടാന്‍ നടത്തിയ ഈ പ്രവൃത്തി ഹൃദയഭേദകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങള്‍ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കാപട്യം ഒന്നുകൊണ്ടുമാത്രമാണ്.

എന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെന്ന കാരണത്താല്‍ ദിനവും എന്റേയും എന്റെ അമ്മയുടേയും സഹോദരിമാരുടേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വെറുപ്പ് തുപ്പുന്ന ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. ഞങ്ങളെല്ലാവരും വ്യത്യസ്തരാണെന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെന്നും മനസിലാക്കാനുള്ള സാമാന്യ ബോധമില്ലാത്തവരാണ് അവര്‍. കുറഞ്ഞ പക്ഷം അവര്‍ക്ക് മുഖമില്ലെന്ന് വയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ.

പക്ഷെ നിങ്ങളെ പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളൊരാള്‍ ഞാന്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെറ്റാകും. ഞാന്‍ വീണ്ടും പറയുന്നു. നാണക്കേട്. നിങ്ങള്‍ എന്നും പരിഹസിക്കുന്ന ആളുകളെ പോലെ നിങ്ങളും പ്രവൃത്തിക്കുന്നതിനാല്‍ ലജ്ജിക്കൂ” എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

അതേസമയം, വംശഹത്യയ്ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് സഹോദരിമാർക്ക് പറഞ്ഞു കൊടുക്കുക എന്നാണ് പ്രാപ്തി എലിസബത്ത് പ്രസ്തുത വിഷയത്തിൽ അഹാനക്കെതിരെ പ്രതികരിച്ചത്.