ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്, പക്ഷേ നിങ്ങളുടെ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു: നടി രഞ്ജിനി

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കടുത്ത ആരാധികയാണ് താനെങ്കിലും അവര്‍ അവതരിപ്പിച്ച ബജറ്റ് നിരാശ പകരുന്നതാണെന്ന് നടി രഞ്ജിനി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടുവെന്ന് രഞ്ജിനി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

“ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്‍കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്).എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു.”

“12.00 പി.എം: വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ?” രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.