മുസ്ലീങ്ങളോട് എനിക്ക് ആദരവുണ്ട്, നോമ്പ് എടുക്കണമെന്നത് എന്റെ തീരുമാനമാണ്.. പക്ഷെ ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണ്: പ്രിയാമണി

താന്‍ നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് നടി പ്രിയാമണി. ‘ലൗജിഹാദ്’ ആരോപണങ്ങളെ തള്ളിയാണ് പ്രിയാമണി രംഗത്തെത്തിയിരിക്കുന്നത്. നോമ്പിന്റെ ആശയം ഇഷ്ടപ്പെട്ടതു കൊണ്ടാണ് താന്‍ നോമ്പ് എടുത്തത് എന്നാണ് പ്രിയാമണി പറയുന്നത്.

”അപൂര്‍വമായി ഞാന്‍ നോമ്പ് എടുത്തിട്ടുണ്ട്. പൊതുവെ എനിക്ക് അതില്‍ വിശ്വാസമില്ലെങ്കിലും അല്‍പം മുമ്പ് ഒരു ദിവസം പൂര്‍ണമായി ഞാന്‍ നോമ്പു നോറ്റു. ആശുറാ (ഇസ്ലാമിക വിശ്വാസപ്രകാരം വിശിഷ്ട ദിനം) ദിനത്തിലായിരുന്നു അത്. ഭര്‍ത്താവും കുടുംബവും അന്ന് നോമ്പെടുക്കുന്നുണ്ടായിരുന്നു.”

”ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നും മതം മാറിയിട്ടില്ലെന്നും ഇതോടൊപ്പം അറിയിക്കുന്നു. പക്ഷെ, നോമ്പിന്റെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. മൗലാനാ ഹുസൈന്‍ രക്തസാക്ഷിയായ ദിവസമായിരുന്നു അത്. അതുകൊണ്ട് തങ്ങള്‍ നോമ്പെടുക്കുകയാണെന്നു ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഞാനും എടുത്തോട്ടേ എന്നു ചോദിച്ചു.”

”അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അന്നു വൈകീട്ട് 4.30ന് ഗ്രീന്‍ ടീയും പഴങ്ങളും കഴിച്ചാണ് ഞാന്‍ നോമ്പ് തുറന്നത്. പിന്നീട് മഗ്രിബിന് ശേഷം ഏഴു മണിയോടെയാണ് ഇഡ്ഡലിയോ അങ്ങനെ എന്തോ ഭക്ഷണം കഴിക്കുന്നത്. നോമ്പെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു.”

”നോമ്പ് എടുക്കുന്ന ലോകത്തെങ്ങുമുള്ള മുസ്ലിംങ്ങളോട് എനിക്ക് ആദരവുമുണ്ട്” എന്നാണ് പ്രിയാമണി ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ മുസ്തഫയെ അങ്ങോട്ട് പ്രപോസ് ചെയ്യുകയായിരുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തി. എന്നാല്‍, വിവാഹം കഴിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റേത് ആയിരുന്നു എന്നും പ്രിയാമണി വ്യക്തമാക്കി.