'അമ്മ'യില്‍ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ല, സംഘടനയിലെ അംഗത്വത്തില്‍ സന്തോഷവതിയാണ്: പ്രയാഗ മാര്‍ട്ടിന്‍

താരസംഘടനയായ “അമ്മ”യില്‍ പുരുഷാധിപത്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍.  “അമ്മ”യുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ടെന്നും സംഘടനയിലെ അംഗത്വത്തില്‍ താന്‍ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.

സിനിമയിലെ പുരുഷാധിപത്യ പ്രവണതയെ കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും പ്രയാഗയെ കണ്ടില്ലെന്ന ചോദ്യത്തിന് താന്‍ പഠനത്തിരക്കുകളിലായിരുന്നു എന്നായിരുന്നു പ്രയാഗയുടെ മറുപടി. “പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.” ജമേഷ് ഷോയില്‍ പ്രയാഗ പറഞ്ഞു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയാണ് പ്രയാഗ അവസാനം അഭിനയിച്ച ചിത്രം. പ്രയാഗ എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് ബ്രദേഴ്സ് ഡേ എന്ന സിനിമ വന്നതെന്ന് താരം പറയുന്നു. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ് നടന്‍ പ്രസന്ന, കോട്ടയം നസീര്‍, ധര്‍മജന്‍, വിജയരാഘവന്‍, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഫോര്‍ മ്യൂസിക്സ്.