'ഇതിലും നല്ലതു സഹിക്കുന്നതാണ് എന്ന് തോന്നി പോകും മാഡം'; ജോസഫൈന് എതിരെ നടി നിരഞ്ജന അനൂപ്

ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ നടി നിരഞ്ജന അനൂപ്. ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണ് നല്ല് എന്ന് തോന്നിപ്പോകും എന്ന് നിരഞ്ജന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”ഇതിലും നല്ലതു സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്‍പമെങ്കിലും സ്‌നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു..”” എന്നാണ് നിരഞ്ജന പറയുന്നത്.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്.

അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് എം.സി ജോസഫൈന്‍ പറയുന്നത്. താനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.