അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാത്തത് പ്രശംസനീയം, ചടങ്ങ് നടത്തിയത് ഉത്തരവാദിത്തത്തോടെ: കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്ത് വച്ച് വിതരണം ചെയ്തതില്‍ തെറ്റില്ലെന്നും പ്രശംസനായമാണെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി. അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തത് പുരസ്‌ക്കാര ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കനി.

കനി കുസൃതിയുടെ വാക്കുകള്‍:

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാര്‍ഡുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാര്‍ക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്.

അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന നിര്‍ദേശം കൊടുക്കുന്ന സര്‍ക്കാര്‍ ഇങ്ങനെ ചടങ്ങുകള്‍ നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകും.

പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും പ്രസക്തമായി സംസാരിക്കുകയും ചടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനു സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.