ആഷിഖേട്ടനോട് അക്കാര്യം അന്ന് പറഞ്ഞിരുന്നു, 'ഞാന്‍ മനസില്‍ വെച്ചോളാം' എന്നായിരുന്നു മറുപടി: അന്ന ബെന്‍

ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തന രംഗത്തെ വിവിധ കാഴ്ചകള്‍ സമ്മാനിച്ച് എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആഷിഖ് അബുവിനോട് താന്‍ നേരത്തെ ചാന്‍സ് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് നടി അന്ന ബെന്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ ആദ്യമായാണ് അന്ന ബെന്‍ നായികയാകുന്നത്. അന്നയുടെ ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് നിര്‍മിച്ചത് ആഷിഖ് അബുവായിരുന്നു.

കുമ്പളങ്ങിയുടെ പ്രൊഡ്യൂസര്‍ ആഷിഖേട്ടനായിരുന്നു. അന്ന് മുതല്‍ തനിക്ക് അദ്ദേഹത്തെ അറിയാം. ആ സമയത്ത് തന്നെ ആഷിഖേട്ടന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എപ്പോഴെങ്കിലും തനിക്ക് പറ്റുന്ന വേഷം വരുകയാണെങ്കില്‍ പറയണേ എന്ന് പറഞ്ഞിരുന്നു.

ഓഡിഷന് തയ്യാറാണെന്നായിരുന്നു പറഞ്ഞത്. താന്‍ മനസില്‍ വെച്ചോളാം എന്നായിരുന്നു അന്ന് ആഷിഖേട്ടന്‍ പറഞ്ഞത് എന്നാണ് അന്ന പറയുന്നത്. നാരദന്റെ സെറ്റില്‍ വെച്ചാണ് ടൊവിനോയെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഉണ്ണിച്ചേട്ടനുമായി അച്ഛന് നേരത്തെ പരിചയമുണ്ടായിരുന്നെന്നും അന്ന പറയുന്നു.

കുമ്പളങ്ങിയില്‍ വര്‍ക്ക് ചെയ്ത നിരവധി പേര്‍ നാരദനിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുമ്പളങ്ങിയിലേക്ക് തിരിച്ചു പോയതു പോലെയാണ് തനിക്ക് തോന്നിയത്. നാരദന്റെ കഥ തന്നെയാണ് തന്നെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും അന്ന ബെന്‍ പറഞ്ഞു.