കേരളത്തിലെ കുട്ടികളോട് ചോദിച്ചാല്‍ മലര്‍ ടീച്ചറെയാണ് ഇഷ്ടമെന്ന് പറയും, എന്നോട് ചോദിച്ചാല്‍ ഞാന്‍ ശൈലജ ടീച്ചര്‍ എന്ന് പറയും: സൂര്യ

ആര്യ രാജേന്ദ്രനെയും ശൈലജ ടീച്ചറെയും പ്രശംസിച്ച് നടന്‍ സൂര്യ. ആര്യ രാജേന്ദ്രനും ഷൈലജ ടീച്ചറും നല്ല വഴികാട്ടികളാണെന്ന് സൂര്യ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ പറഞ്ഞു. താന്‍ സൂപ്പര്‍ സ്റ്റാറിനെ പോലെ കാണുന്ന വ്യക്തിയാണ് ശൈലജ ടീച്ചര്‍ എന്നാണ് സൂര്യ പറയുന്നത്.

ആര്യ രാജേന്ദ്രനും ശൈലജ ടീച്ചറും സ്ത്രീകള്‍ക്ക് പുതിയൊരു പാത തുറന്നു. സ്ത്രീകളെ കൊണ്ടും എന്ത് വേണമെങ്കിലും സാധിക്കുമെന്നും ലോകം നമ്മുടെ പിന്നിലുണ്ടെന്നും അവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് അവര്‍ തെളിയിച്ചു. ഇവടുത്തെ ജനങ്ങളും അവരെ പിന്തണയ്ക്കുന്നു.

മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വലിയ വഴികാട്ടികളാണ്. സിനിമയിലായാലും സമൂഹത്തിലായാലും നിങ്ങള്‍ ഒരു പടി മുന്നിലാണ്. കേരളത്തിലെ കുട്ടികളോട് ചോദിച്ചാല്‍ മലര്‍ ടീച്ചറെയാണ് ഇഷ്ടമെന്ന് പറയും. തന്നോട് ചോദിച്ചാല്‍ താന്‍ ശൈലജ ടീച്ചര്‍ എന്ന് പറയും.

ജയ് ഭീം കണ്ടിട്ട് ശൈലജ ടീച്ചര്‍ വിളിച്ചിരുന്നു. സിനിമയുടെ ടീമിനെ അഭിനന്ദിച്ചു. സൂപ്പര്‍ സ്റ്റാറിനെ പോലെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ശൈലജ ടീച്ചര്‍. അവര്‍ വിളിച്ചത് നല്ല സിനിമകള്‍ ചെയ്യാന്‍ ഒരു പ്രചോദനമാണ് എന്നാണ് സൂര്യയുടെ വാക്കുകള്‍.

അതേസമയം, തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് എതര്‍ക്കും തുനിന്തവന്‍ തിയേറ്ററുകളില്‍ എത്തുന്നത്. പാണ്ടിരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.