‘അമ്മ’ താരസംഘടനയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ. ടിനി ടോമും അൻസിബയും ഉൾപ്പടെയുള്ളവർ പരദൂഷണവും ആരോപണങ്ങളും പറഞ്ഞ് പരസ്പരം ചെളി വാരിയെറിയുകയാണെന്ന് സുധീർ കുറ്റപ്പെടുത്തി. ഇരുവരും തങ്ങളുടെ കാര്യം നോക്കി ജീവിക്കാനും പ്രഫഷനിൽ ശ്രദ്ധിക്കാനും സുധീർ പറയുന്നു.
പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകൾക്കാണെന്നും സുധീർ പറയുന്നു. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണെന്നും സുധീർ പറയുന്നു.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിലെന്നും സുധീർ ചോദിക്കുന്നു. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല എന്നും സുധീർ കൂട്ടിച്ചേർത്തു.
സുധീറിൻ്റെ വാക്കുകൾ
Read more
‘എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിൻ്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്. നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനിൽ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുട കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ. ‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല.’







