'അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്, അഞ്ചെണ്ണവും ക്യാന്‍സലാകുന്നതോ'

അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടെത്തിയ നടനാണ് നരേന്‍. പിന്നീട് പല ചിത്രങ്ങളിലും നരേനെ കണ്ടെങ്കിലും ഇട്ടക്കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കുശേഷം കരിയറിലെ പ്രതിസന്ധിയില്‍നിന്ന് നരേനെ വീണ്ടും തമിഴ് സിനിമ കൈദിയിലൂടെ എടുത്തുയര്‍ത്തി. സിനിമയില്‍ വലിയ പ്രതിസന്ധികള്‍ താന്‍ അഭിമുഖീകരിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേന്‍. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന്റെ പിന്തുണ വലുതായിരുന്നെന്നും നരേന്‍ പറയുന്നു.

“ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. ഭാര്യ എന്റെ ഒപ്പം നിന്നു. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന യഥാര്‍ത്ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ല അച്ഛനും അമ്മയ്ക്കും.”

“എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്കുവച്ച് നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനു ശേഷം മലയാളത്തില്‍ ഏഴു സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും ക്യാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പിന്നീട് നിന്നുപോയി.കുട്ടിക്കാലം മുതല്‍ക്കേ ആത്മീയതയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതാണ് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു.