പ്രതാപ് പോത്തന്‍ എന്റെ സിനിമയില്‍ അഭിനയിച്ചത് അബദ്ധമായി എന്നൊക്കെ കേട്ടു, പൃഥ്വിരാജിന്റെ ആ സിനിമയ്ക്ക് ശേഷം ഞാന്‍ രോഗിയായി മാറി: മഹേഷ്

പൃഥ്വിരാജിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ മഹേഷ്. 2009ല്‍ പുറത്തിറങ്ങിയ ‘കലണ്ടര്‍’ എന്ന ചിത്രത്തിന് ശേഷം താന്‍ രോഗിയായി മാറിയെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് വ്യക്തമാക്കി.

സിനിമ ചെയ്യുന്ന സമയത്ത് കുറച്ച് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. തിരക്കഥ വൈകിയാണ് ലഭിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തിലധികം സമയം നല്‍കിയിട്ടും കഴിഞ്ഞിരുന്നില്ല. ഒരു പുതിയ സംവിധായകനായതിനാല്‍ തിരക്കഥ നേരത്തെ കയ്യില്‍ ലഭിക്കാതിരുന്നതിനാല്‍ പ്ലാനിംഗിന്റെ പ്രശ്‌നമുണ്ടായിരുന്നു. എങ്കിലും പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പൂര്‍ണ്ണമായി സഹകരിച്ചിരുന്നു.

സിനിമയുടെ നീളം കൂടിയതും മറ്റൊരു പ്രശ്‌നമായി. പൃഥ്വിരാജ് അവതരിപ്പിച്ച ഒലിക്കര സോജപ്പന്‍ എന്ന കഥാപാത്രം മരിക്കാതെ ആ സിനിമ ചെയ്യാമായിരുന്നുവെന്ന് പിന്നീട് ചിലര്‍ പറഞ്ഞിട്ടുണ്ട്. സിനിമ ചെയ്യുന്ന നിര്‍മ്മാതാവിനും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു നവാഗത സംവിധായകന്‍ അത്ര സുഖകരമായ അന്തരീക്ഷത്തിലായിരുന്നില്ല ആ സിനിമ ചെയ്തത്.

ആ സിനിമയ്ക്ക് ശേഷം താന്‍ രോഗിയായി മാറി. നടന്‍ പ്രതാപ് പോത്തന്റെ രണ്ടാം വരവ് കൂടിയായിരുന്നു ഈ ചിത്രം. പക്ഷേ പിന്നീട് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത് അബദ്ധമായി എന്നൊക്കെ പറഞ്ഞു കേട്ടു. എന്നാല്‍ ലാല്‍ ജോസിന്റെയും മറ്റും സിനിമകളില്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാരണമായത് ഈ സിനിമയിലൂടെയാണെന്ന് അദ്ദേഹം പറയുന്നില്ല.

കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ അതിനുള്ള യോഗ്യത എന്തെന്ന് കൂടി നോക്കണം എന്നാണ് മഹേഷ് പറയുന്നത്. ബാബു ജനാര്‍ദ്ദനന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച സിനിമയില്‍ വ്യ നായര്‍, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു.