അവരുടെ പ്രണയത്തിന് ഒരുപാട് പ്രത്യേകതയുണ്ട്; തൂവാനത്തുമ്പികളെ കുറിച്ച് അശോകൻ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ തൂവാനത്തുമ്പികൾക്ക് സ്ഥാനമുണ്ട്.

അടുത്തിടെ ചിത്രത്തിലെ തൃശ്ശൂർ ഭാഷയെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ വാർത്തയായിരുന്നു. തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശ്ശൂർ ഭാഷ വളരെ ബോറാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് പത്മരാജന്റെ മകൻ അനന്തപത്മനാഭനും അൽഫോൺസ് പുത്രനും തുടങ്ങീ നിരവധി പേർ പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ തൂവാനത്തുമ്പികൾ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ അശോകൻ. ആളുകൾ ഇന്നും റിപ്പീറ്റായിട്ട് കാണുന്ന സിനിമയാണ് തൂവാനത്തുമ്പികളെന്നും കൂടുതൽ ആലോചിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും അതിനകത്ത് ചില തെറ്റുകുറ്റങ്ങൾ കാണാമെന്നും അശോകൻ പറയുന്നു. ചിത്രത്തിൽ അശോകനും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

“തൃശൂരിലുള്ള കുറച്ച് ആളുകളെ ബേസ് ചെയ്‌ത്‌ വന്ന കഥയായിരുന്നു തൂവാനത്തുമ്പികൾ. ഇപ്പോൾ നിലനിൽക്കുന്ന വിവാദത്തെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ പറയാം. അവരുടേതായ അഭിപ്രായമാണ് അത്.

ചിലർക്ക് അതിലെ ഭാഷ തൃശൂർ ഭാഷയായി തോന്നുന്നില്ലായിരിക്കും. തൃശൂർ ഭാഷയിൽ തന്നെയാണ് അത് ചെയ്‌തത്‌. ആളുകൾ ഇന്നും റിപ്പീറ്റായിട്ട് കാണുന്ന സിനിമയാണ് തൂവാനത്തുമ്പികൾ. എൻ്റെ ഓർമ ശരിയാണെങ്കിൽ തൃശൂർ ഭാഷ അങ്ങനെയാണ് എന്നാണ് എല്ലാവരും പറഞ്ഞത്. പിന്നെ കൂടുതൽ ആലോചിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും അതിനകത്ത് ചില തെറ്റുകുറ്റങ്ങൾ കാണാം.

പക്ഷേ ആ സിനിമ ശ്രദ്ധിക്കപെട്ടതിൻ്റെ കാരണങ്ങളിൽ ഒന്ന് ആ തൃശൂർ ഭാഷ തന്നെയാണ്. പിന്നെ ആ സിനിമയിൽ വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അതിലെ വിഷയം പോലും വ്യത്യസ്‌തമാണ്. അവരുടെ പ്രണയത്തിനും ഒരുപാട് പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് പുതിയ തലമുറ പോലും ആ സിനിമ ഇഷ്ട‌പെടുന്നത്” എന്നാണ് മൂവി മാൻ ബ്രോഡ്കാസ്റ്റിംഗ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.