'ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു', വ്യക്തിഹത്യ നടത്തി :ആഷിഖ് അബു

ഭാവനയ്ക്ക് നേരെ അതിഭീകരമായ ആക്രമണം ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ ആഷിഖ് അബു. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും നീതിയ്ക്കൊപ്പം നിന്നു എന്നും ആഷിഖ് അബു വ്യക്തമാക്കി.

‘സംഭവം നടന്ന സമയം അതിഭീകരമായ രീതിയില്‍ ഇരയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉള്ള ഒരു സംഘം ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തിഹത്യ നടന്നു. എന്നാല്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും മാധ്യമങ്ങളും സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും കുറ്റകൃത്യം എന്ന നിലയില്‍ തന്നെ നിന്നു’ ആഷിഖ് അബു പറഞ്ഞു.

തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകള്‍ക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആഷിഖ് അബു പറഞ്ഞു.

‘ഒരു അതിജീവിത ഒറ്റപ്പെടുന്ന സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന അവസ്ഥയാണ്. ഇത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ്. അങ്ങനെ കണ്ടാല്‍ ഇത്തരം അപകടം സംഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാവുകയും ട്രോമയില്‍ നിന്നും മുന്നേറാന്‍ സാധിക്കുകയും ചെയ്യും. ഇത് ഒരു ധീരമായ നിലപാട് തന്നെയാണ്’, ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.