ഒരു മണിക്കൂറിന് ഇനി മുതൽ 5 ലക്ഷം മുൻകൂട്ടി അടക്കണം; ക്രിയേറ്റീവ് ജീനിയസ് എന്ന് സ്വയം കരുതുന്നവരെ കണ്ട് മടുത്തു; പോസ്റ്റുമായി അനുരാഗ് കശ്യപ്

പുതുമുഖ സംവിധായകരെയും മറ്റും സിനിമയിലേക്ക് കൊണ്ടുവന്നു മടുത്തുവെന്ന് വെളിപ്പെടുത്തി അനുരാഗ് കശ്യപ്. സ്വയം ക്രിയേറ്റീവ് ജീനിയസ് ആണെന്ന് വിശ്വസിക്കുന്ന ഇത്തരം ആളുകളുമായി സമയം ചെലവഴിച്ച് താൻ തന്റെ ഒരുപാട് സമയം നഷ്ടപ്പെടുത്തിയെന്നും, ഇനി മുതൽ തന്നെ കാണണമെങ്കിൽ മുൻകൂട്ടി ഒരു നിശ്ചിത തുക അടക്കണമെന്നും അനുരാഗ് കശ്യപ് പറയുന്നു.

“ആർക്കെങ്കിലും എന്നെ കാണണമെന്ന് തോന്നുകയാണെങ്കിൽ 10- 15 മിനിറ്റിന് 1 ലക്ഷം രൂപയും, അര മണിക്കൂറിന് 2 ലക്ഷവും, ഒരു മണിക്കൂറിന് 5 ലക്ഷവും രൂപയും അടയ്ക്കണം. അതാണ് റേറ്റ്. പുതിയ ആളുകളുമായി ചെലവഴിച്ച് ഞാനെന്റെ സമയം നഷ്ടപ്പെടുത്തി മടുത്തു. നിങ്ങൾക്ക് ഇത്രയും തുക താങ്ങാൻ കഴിയുമെന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് എന്നെ കാണാം. അല്ലെങ്കിൽ ദൂരേക്ക് മാറിനിൽക്കുക.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അനുരാഗ് കശ്യപ് പറയുന്നത്.

നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായി എത്തുന്നത്. അനിമൽ സംവിധായകൻ സന്ദീപ് റെഡിയെ കണ്ടതിന് ശേഷം താങ്കളുടെ സ്വഭാവം മാറിയോ എന്നാണ് ഒരാൾ  പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

അതേസമയം ആഷിക് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനുരാഗ് കശ്യപ്. രാഹുൽ ഭട്ട് സണ്ണി ലിയോൺ എന്നിവരെ പ്രധാന താരങ്ങളാക്കിയൊരുക്കിയ ‘കെന്നഡി’ എന്ന ചിത്രമാണ് അനുരാഗ് കശ്യപ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Read more