മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ നായകന്മാരാക്കി 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്: തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍. സീനിയര്‍ ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സിനിമയാണ് ഉണ്ടാകേണ്ടതെന്നും വരും വര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമകയുണ്ടാകാം. മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്. ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങള്‍ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉള്‍പ്പെടുന്ന വലിയ സിനിമ ഉണ്ടായാല്‍ നന്നായിരിക്കും.’

‘ഓള്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം. പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കള്‍ ഉള്‍പ്പെടുകയും വേണം. അങ്ങനെയായാല്‍ തുക സിനിമയ്ക്ക് കളക്ട് ചെയ്യാനാകും. ഉറുമിയെന്ന സിനിമ ചെയ്തപ്പോള്‍ ബഡ്ജറ്റ് നോക്കിയിരുന്നില്ല. എന്നാല്‍ താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ ബഡ്ജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്. വരും വര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകും.’

Read more

‘എല്ലാ ഭാഷകളില്‍ ഉള്ളവര്‍ക്കും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തില്‍ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതല്‍ മുടക്കി വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ടാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്. അതുപോലെ നമ്മളും ശ്രമിച്ചാല്‍ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, ടെക്നീഷ്യന്‍സുണ്ട്. പേടിച്ച് നില്‍ക്കുകയാണ് നമ്മള്‍. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്’ റിപ്പോട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി നടേശന്‍ പറഞ്ഞു.