ചുംബിക്കാനായി ചെല്ലുമ്പോള്‍ ഫവാദ് മുഖം തിരിച്ചു കളയും.. അവന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തില്ലെന്ന് ഉറപ്പ് നല്‍കേണ്ടി വന്നു: ആലിയ ഭട്ട്

ബോളിവുഡില്‍ ഏറെ ശ്രദ്ധ നേടിയ പാക് താരമാണ് ഫവാദ് ഖാന്‍. ഹംസഫര്‍, ദാസ്താന്‍, സിന്ദഗി ഗുല്‍സാര്‍ തുടങ്ങിയ പാക് ഡ്രാമകളില്‍ അഭിനയിച്ച ഫവാദ് ഖാന്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഖുബ്‌സൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ഫവാദ് ശ്രദ്ധ നേടിയിരുന്നു.

തുടര്‍ന്ന് കപൂര്‍ ആന്റ് സണ്‍സ്, യേ ദില്‍ ഹേ മുഷ്ഖില്‍ എന്നീ സിനിമകളിലും ഫവാദ് ഖാന്‍ അഭിനയിച്ചു. എന്നാല്‍ സോനം കപൂറിനും ആലിയ ഭട്ടിനുമൊപ്പം ചുംബന സീനുകളില്‍ അഭിനയിക്കുന്നതിനോട് ഫവാദ് നോ പറഞ്ഞിരുന്നു. കപൂര്‍ ആന്റ് സണ്‍സ് ചിത്രത്തില്‍ ആലിയക്കൊപ്പം ഫവാദിന് ചുംബന സീന്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആലിയ തന്റെ മുഖത്തിന് അടുത്തേക്ക് വരുമ്പോഴെല്ലാം ഫവാദ് മുഖം തിരിക്കുകയായിരുന്നു. ”ചിത്രത്തില്‍ ഫവാദിനൊപ്പം ഒരു ചുംബന രംഗമുണ്ടായിരുന്നു. സീന്‍ ചെയ്തപ്പോള്‍ ഞങ്ങളത് ഫേക്കായി ചെയ്യാന്‍ തീരുമാനിച്ചു. എന്നിട്ടും ഞാന്‍ അവന്റെ മുഖത്തിന്റെ അടുത്ത് വരുമ്പോഴെല്ലാം അവന്‍ മുഖം തിരിച്ചുകളയും.”

”അവന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തില്ലെന്ന് എനിക്കവന് ഉറപ്പു നല്‍കേണ്ടി വന്നു” എന്ന് ആലിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഖുബ്സൂരത്തില്‍ സോനം കപൂറിനൊപ്പമുള്ള ചുംബന രംഗം അഭിനയിക്കാനും ഫവാദ് സമ്മതിച്ചിരുന്നില്ല.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഇതേ കുറിച്ച് ഫവാദ് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ചുംബന രംഗത്തില്‍ അഭിനയിച്ചാലത് തന്റെ ആരാധകരെ വേദനിപ്പിക്കുമെന്നാണ് ഫവാദ് പറഞ്ഞത്. ”അവരുടെ വികാരത്തെ എനിക്ക് മാനിക്കണം. എന്റെ ഒരുപാട് ആരാധകര്‍ക്ക് വിഷമമാകും” എന്നായിരുന്നു ഫവാദിന്റെ പ്രതികരണം.