'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കി രാജ്യത്തെ നടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. പൊലീസിന് ഗുരുതര വീഴ്ച്ചയെന്ന് സിബിഐ കുറ്റപത്രത്തിൽ വിശദമാക്കുന്നു. സ്ത്രീകൾ അതിക്രമത്തിന് ഇരകളാകുന്നതിന് തൊട്ടുമുൻപ് പൊലീസിനോട് സഹായം തേടിയിരുന്നെന്നും എന്നാൽ പൊലീസ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 2023 മെയ് 4 ന് നടന്ന രാജ്യത്തെ ഞെട്ടിച്ച സംഭവത്തിലാണ് സിബിഐ അന്വേഷണത്തിലൂടെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം അക്രമിക്കുന്നതിന് മുൻപ് ഇവർ പൊലീസിന് അരികിലെത്തിയെന്നും റോഡിലുണ്ടായിരുന്ന പൊലീസ് വാഹനത്തിൽ ഇവരെ ഇവിടെ നിന്ന് മാറ്റാൻ അഭ്യർത്ഥിച്ചെങ്കിലും പൊലീസ് അതിന് തയാറായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. വാഹനത്തിന്റെ താക്കോൽ കൈവശം ഇല്ലെന്നാണ് പൊലീസ് സ്ത്രീകളോട് പറഞ്ഞത്. തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന എല്ലാ പോലീസുകാരും അവിടെ നിന്ന് പോയെന്നും പിന്നാലെ ഒരു വലിയ ജനക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുവാൻ തുടങ്ങിയെന്നും കുറ്റപത്രം പറയുന്നു.

കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ഒരു ജനക്കൂട്ടം നഗ്നരായി പരേഡ് ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് മണിപ്പൂരിൽ നടന്ന ക്രൂര ക്ര്യത്യങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞത്. സംഭവത്തിൽ ഒക്ടോബറിൽ ഗുവാഹത്തിയിലെ പ്രത്യേക കോടതിയിൽ ആറ് പേർക്കും പ്രായപൂർത്തിയാകാത്ത ഒരാൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇരകളായ സ്ത്രീകളുടെ രണ്ട് കുടുംബങ്ങളിലെയും ആളുകളെ 800-1000 ഓളം വരുന്ന ജനക്കൂട്ടം കൊലപ്പെടുത്തിയെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിനിരയായതായും പൊലീസ് എഫ്ഐആറിൽ പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് മണിപ്പൂർ പൊലീസ് ഉണ്ടായിരുന്നെങ്കിലും അവരെ സഹായിച്ചില്ലെന്ന് അവർ പിന്നീട് ‘ദി വയറി’നോട് പറഞ്ഞിരുന്നു. ഇത് വ്യക്തമാകുന്നതാണ് സിബിഐയുടെ കുറ്റപത്രവും.

Read more

2023 മെയ് 3 മുതൽ മണിപ്പൂരിൽ ആരഭിച്ച വംശീയ കലാപത്തിൽ ഇതുവരെ നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.