രണ്ട് ആഴ്ചയായി ഭ്രാന്തമായി മലയാള സിനിമകള്‍ കാണുകയാണ്..; 'മൂക്കില്ലാരാജ്യത്ത്' റീലുമായി വിദ്യാ ബാലന്‍, വൈറല്‍

രണ്ട് ആഴ്ചയായി താന്‍ മലയാള സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് വിദ്യാ ബാലന്‍. താരത്തിന്റെ പുതിയ റീല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളം സിനിമയിലെ ഡയലോഗ് അനുകരിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

1991ലെ ‘മൂക്കില്ലാ രാജ്യത്ത്’എന്ന ചിത്രത്തിലെ ഒരു കോമഡി സീന്‍ അനുകരിക്കുന്ന വീഡിയോയാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്. ലവ്മലയാളം സിനിമ എന്ന ഹാഷ്ടാഗോടെയാണ് തന്റെ റീലുമായി വിദ്യ എത്തിയിരിക്കുന്നത്. ബോളിവുഡ് നായികയാണെങ്കിലും പാലക്കാട് വേരുകളുള്ള വിദ്യ മലയാളത്തിന്റെ ആരാധികയാണ്.

View this post on Instagram

A post shared by Vidya Balan (@balanvidya)

ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് വിദ്യ ആദ്യം വേഷമിട്ടത് മലയാള സിനിമയില്‍ ആയിരുന്നു. ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആയിരുന്നു വിദ്യ അഭിനയിച്ചത്. എന്നാല്‍ ഈ സിനിമ നിര്‍മ്മാതാക്കള്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ എട്ടോളം മലയാളം, തമിഴ് സിനിമകളില്‍ നിന്നും വിദ്യ പുറത്താക്കപ്പെട്ടിരുന്നു.

2000ല്‍ ആയിരുന്നു വിദ്യയുടെ സിനിമ കരിയര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് 2003ല്‍ ആണ് ഭാലോ തെക്കോ എന്ന ബംഗാളി ചിത്രത്തിലൂടെ വിദ്യ സിനിമാ അരങ്ങേറ്റം നടത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ‘പരിനീത’ ആണ് ആദ്യ ബോളിവുഡ് ചിത്രം. ഭൂല്‍ ഭുലയ്യ, ഡേര്‍ട്ടി പിക്ചര്‍ എന്നീ സിനിമകളാണ് നടിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.