പരശുരാമന്‍ ആകാന്‍ മദ്യവും മാംസം ഉപേക്ഷിച്ച് വിക്കി കൗശല്‍..; പ്രതികരിച്ച് 'മഹാവതാര്‍' സംവിധായകന്‍

പുതിയ സിനിമയ്ക്കായി ബോളിവുഡ് താരം വിക്കി കൗശല്‍ മദ്യവും മാംസാഹാരവും ഉപേക്ഷിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍. ‘മഹാവതാര്‍’ എന്ന സിനിമയ്ക്കായി വിക്കി കൗശലും സംവിധായകനും മദ്യവും മാംസാഹാരവും ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്.

‘സ്ത്രീ’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അമര്‍ കൗശിക് ഒരുക്കുന്ന ചിത്രമാണ് മഹാവതാര്‍. ഫിലിം ഗ്യാനുമായുള്ള അഭിമുഖത്തിനിടെയാണ് അമര്‍ കൗശിക് ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ഞാന്‍ വീണ്ടും പറയുകയാണ്, എവിടെ നിന്നാണ് ഇത്തരം കിംവദന്തികള്‍ വരുന്നത്? ദയവായി ഇത് അവസാനിപ്പിക്കൂ. ഞങ്ങള്‍ ഔദ്യോഗികമായി പറയുന്നത് മാത്രം വിശ്വസിക്കുക എന്നാണ് അമര്‍ കൗശിക്കിന്റെ വാക്കുകള്‍. അതേസമയം, മഹാവതാര്‍ തന്റെ കരിയറിലെ വലിയൊരു ഉത്തരവാദിത്തമാണെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

അരുണാചല്‍ പ്രദേശിലെ പരശുരാമകുണ്ഡിന് അടുത്തായാണ് തങ്ങള്‍ താമസിച്ചിരുന്നതെന്നും പലപ്പോഴും അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ സിനിമ പ്രഖ്യാപിച്ചത്.

Read more

അടുത്ത വര്‍ഷം ക്രിസ്മസിന് ആകും സിനിമ റിലീസ് ചെയ്യുക. അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിക്കി കൗശല്‍ ഇപ്പോള്‍. ‘ഛാവ’ ആണ് നടന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 800 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.