അക്ഷയ് കുമാറിന്റെ ആക്ഷന്‍- പാക്ക്ഡ് വെബ്‌സീരിസ് ഒരുങ്ങുന്നു; പ്രതിഫലമായി വാങ്ങുന്നത് 90 കോടി രൂപ

Advertisement

‘ദ എന്‍ഡ്’ വെബ് സീരിസിലൂടെ നടന്‍ അക്ഷയ് കുമാര്‍ ഡിജിറ്റല്‍ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആകും ഇതെന്നാണ് സൂചന. സീരിസിനായി വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ അക്ഷയ്ക്ക് നല്‍കിയിരിക്കുന്നത്. 90 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ പ്രതിഫലം.

വെബ് സീരിസിനായി ഒരു നടന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലം ആണിത്. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ചെയ്യുന്ന സീരിസ് ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. ഇതര പ്രപഞ്ചത്തില്‍ സജ്ജീകരിച്ചിരിക്കുന്ന അതിജീവന ത്രില്ലറാണിത്. സീരിസ് ഈ വര്‍ഷം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു.

അഭിനേതാക്കളെ കുറിച്ചോ സീരിസിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അക്ഷയ് കുമാര്‍.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് നടന്‍മാരുടെ ലിസ്റ്റില്‍ അക്ഷയെ കൂടാതെ മറ്റ് ഇന്ത്യന്‍ താരങ്ങളൊന്നുമില്ല. പാഡ്മാന്‍ എന്ന സിനിമയോടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതായി അക്ഷയ് എത്തിയിരുന്നു. ബെല്‍ ബോട്ടം, ലക്ഷ്മി ബോംബ്, സൂര്യവംശി, പൃഥ്വിരാജ്, അത്രരംങ്കി രേ, രക്ഷാബന്ധന്‍ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.