സിനിമകളില്‍ രസമായിരിക്കും, എന്നാല്‍ ഇത് ജീവിതമാണ്; ട്രെയ്‌നില്‍ ഫുട്‌ബോര്‍ഡില്‍ യാത്ര, സോനു സൂദിന് വിമര്‍ശനം

ട്രെയ്‌നില്‍ ഫുട്‌ബോര്‍ഡില്‍ ഇരുന്ന് യാത്ര ചെയ്ത നടന്‍ സോനു സൂദിന് വിമര്‍ശനം. ഇങ്ങനെ യാത്ര ചെയ്യുന്നത് അപകടം നിറഞ്ഞതായാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാതൃകയായ നടന്‍ ഈ പ്രവൃത്തിയിലൂടെ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും റെയില്‍വെ ട്വിറ്ററില്‍ കുറിച്ചു.

”പ്രിയപ്പെട്ട സോനുസൂദ് നിങ്ങള്‍ രാജ്യത്തും ലോകത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാതൃകയാണ്. ട്രെയിന്‍ ഫുട്‌ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്. ഇത്തരത്തിലുള്ള വീഡിയോ നിങ്ങളുടെ ആരാധകര്‍ക്ക് തെറ്റായ സന്ദേശം അയച്ചേക്കാം. ദയവായി ഇങ്ങനെ ചെയ്യരുത്.”

”സുഗമവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കൂ”എന്നാണ് നോര്‍ത്തേണ്‍ റെയില്‍വെ ട്വീറ്റ് ചെയ്തു. ട്രയിന്‍ യാത്രയുടെ വീഡിയോ സോനു തന്നെയാണ് ഡിസംബര്‍ 13ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് നോര്‍ത്തേണ്‍ റയില്‍വെ ട്വീറ്റുമായി രംഗത്തെത്തിയത്.

മുംബൈ റെയില്‍വേ പൊലീസ് കമ്മീഷണറേറ്റും ഇത് അപകടകരമാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി. ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുന്നത് സിനിമകളില്‍ കാണാന്‍ രസമായിരിക്കും. എന്നാല്‍ ഇത് ജീവിതമാണ്. നമുക്ക് എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാം എന്നാണ് ജിആര്‍പി മുംബൈ ട്വീറ്റ് ചെയ്തത്.