മാപ്പും വേണ്ടും ഒരു കോപ്പും വേണ്ട, കന്നഡയെ തൊട്ടാല്‍ പാട്ട് വെട്ടും; സോനു നിഗവുമായി സഹകരിക്കില്ല, ഗാനം നീക്കി

വിവാദ പരാമര്‍ശത്തിന് പിന്നാലെ കന്നഡ സിനിമയിലെ സോനു നിഗമിന്റെ പാട്ട് മാറ്റി. കന്നഡ ഗാനം പാടാന്‍ ആവശ്യപ്പെട്ടതിനെതിരെ സോനു നിഗം പ്രതികരിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്’ എന്ന് ഗായകന്‍ പ്രതികരിച്ചത് വിവാദമായിരുന്നു. ഈ പരാമര്‍ശത്തില്‍ ഗായകനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ നിന്ന് വിലക്ക് നേരിട്ടതിനെ തുടര്‍ന്ന് സോനു നിഗം ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന കന്നഡ ചിത്രമായ ‘കുലദള്ളി കീല്യാവുഡോ’യിലെ അദ്ദേഹത്തിന്റെ ഗാനം നീക്കം ചെയ്തിരിക്കുകയാണ്.

”സോനു നിഗം ഒരു നല്ല ഗായകനാണ് എന്നതില്‍ സംശയമില്ല. പക്ഷേ, അടുത്തിടെ ഒരു സംഗീത പരിപാടിയില്‍ അദ്ദേഹം കന്നഡയെ കുറിച്ച് സംസാരിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ട്. സോനു നിഗം കന്നഡക്ക് ചെയ്ത അപമാനം ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല, അതിനാല്‍ ഞങ്ങള്‍ ഗാനം നീക്കം ചെയ്തു” എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറയുന്നത്.

കെ. രാംനാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ‘മനസു ഹാത്തടെ’ എന്ന ഗാനമാണ് സോനു നിഗം ആലപിച്ചത്. യോഗരാജ് ഭട്ട് എഴുതി മനോമൂര്‍ത്തിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. കന്നഡ ഗായകന്‍ ചേതനെ കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്തോഷ് കുമാര്‍ സോനു നിഗവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.