നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു, ഈ കണ്ണീര്‍കഥയ്ക്ക് എന്തിനാണ് 250 കോടി ചെലവാക്കിയത്? കരണ്‍ ജോഹറിനെതിരെ കങ്കണ

സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്. കരണ്‍ സംവിധാനം ചെയ്ത ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രം ജൂലൈ 28ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് കങ്കണ സംവിധായകനെതിരെ രംഗത്തെത്തിയത്. നവാഗതര്‍ക്ക് അവസരം നല്‍കൂ എന്ന് പറയുന്ന കങ്കണയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

കരണ്‍ ജോഹര്‍ ചിത്രങ്ങളിലെ ആവര്‍ത്തന വിരസതയാണ് നടി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ പ്രേക്ഷകര്‍ ആറ്റംബോംബിന്റെ ഉത്ഭവത്തെ കുറിച്ചും ആറ്റോമിക് സയന്‍സിനെ കുറിച്ചുമുള്ള ചിത്രം ആസ്വദിക്കുമ്പോഴാണ് ‘നെപ്പോ ഗാങ്’ അമ്മായിഅമ്മയുടെയും മരുമകളുടെയും കണ്ണീര്‍ക്കഥയുമായി വരുന്നത്.

ഇങ്ങനെയൊരു സിനിമയെടുക്കാന്‍ എന്തിനാണ് 250 കോടി ചെലവിട്ടത് എന്നാണ് കങ്കണ ചോദിക്കുന്നത്. ഒരു പോലെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇനിയും ഫണ്ട് പാഴാക്കാതെ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിക്കണം.

വിപ്ലവകരമായ സിനിമകള്‍ നിര്‍മിക്കാന്‍ യുവ സംവിധായകരെ അനുവദിക്കണമെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം, 2016ല്‍ എത്തിയ ‘യേ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രത്തിന് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’.

Read more

2016ന് ശേഷം ആന്തോളജി ചിത്രങ്ങളില്‍ രണ്ട് കഥകള്‍ മാത്രമാണ് കരണ്‍ സംവിധാനം ചെയ്തിട്ടുള്ളത്. രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന അസ്മി എന്നിവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.