ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഓടിയെത്തി കെട്ടിപ്പിടിച്ച് ആരാധകന്‍; ചേര്‍ത്തു പിടിച്ച് രണ്‍ബീര്‍, വീഡിയോ

രണ്‍ബീര്‍ കപൂറിനോടുള്ള ആരാധകരുടെ സ്‌നേഹം പ്രകടമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘തൂ ജൂത്തി മേന്‍ മക്കാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് രണ്‍ബീര്‍. പ്രമോഷന്റെ ഭാഗമായി ഒരു കോളജില്‍ എത്തിയ താരത്തെ സ്റ്റേജിലേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ആരാധകന്റെ വീഡിയോയാണ് വൈറല്‍.

രണ്‍ബീറിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആരാധകന്റെ പ്രവര്‍ത്തി കണ്ട് ആരാധകനെ സ്റ്റേജില്‍ നിന്ന് മാറ്റാനായി ചെന്നെങ്കിലും റണ്‍ബീര്‍ ആരാധകനെ തിരിച്ചും ചേര്‍ത്തു പിടിച്ചു. താരത്തിന്റെ ഈ സ്‌നേഹ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

എന്നാല്‍ രണ്‍ബീറിന്റെ സുരക്ഷയെ കൂടി ആരാധകര്‍ മാനിക്കണമെന്ന അഭിപ്രായവും മറുഭാഗത്ത് ഉയരുന്നുണ്ട്. ഈ വര്‍ഷം റിലീസിന് ഒരുങ്ങുന്ന രണ്‍ബീറിന്റെ ആദ്യ ചിത്രമാണ് ‘തൂ ജൂത്തി മേന്‍ മക്കാര്‍.’ മാര്‍ച്ച് എട്ടിനാണ് ചിത്രം റിലീസിനെത്തുന്നത്.

ലവ് രഞ്ജനൊപ്പമുള്ള റണ്‍ബീറിന്റെ ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. ‘ആനിമല്‍’ എന്ന സിനിമയും താരത്തിന്റെതായി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ ‘ബ്രഹ്‌മാസ്ത്ര’ ഹിറ്റ് ആയിരുന്നു.