സൂര്യ സാറിനെ നോക്കാന്‍ പേടിയായി, ഒന്നിച്ച് സിനിമ കാണാന്‍ അദ്ദേഹവും ഉണ്ടായിരുന്നു..; തുറന്നു പറഞ്ഞ് 'സര്‍ഫിര' നായിക

ബോക്‌സ് ഓഫീസില്‍ വീണ്ടും ദുരന്തമായി മാറിയിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’. സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി പതിപ്പാണിത്. ജൂലൈ 12ന് തിയേറ്ററുകളിലെത്തിയ സര്‍ഫിരയ്ക്ക് 11 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടാനായത് 21.45 കോടി മാത്രമാണ്. എങ്കിലും സിനിമ ചര്‍ച്ചയായിരുന്നു.

രാധിക മദന്‍ ആണ് ചിത്രത്തിലെ നായിക. സൂരരൈ പോട്രുവില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. സൂര്യക്കൊപ്പം ചിത്രം കണ്ട അനുഭവമാണ് രാധിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് കാണുന്നതിനിടെ സൂര്യ നോക്കാന്‍ പേടിയായിരുന്നു എന്നാണ് നടി പറയുന്നത്.

”സൂര്യ സാര്‍ വളരെ നല്ല മനുഷ്യനാണ്. വളരെ കുറച്ചു മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ശാന്തനായ ആളാണ്. സുധ കൊങ്കരക്കൊപ്പം അദ്ദേഹം ഇതിന് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.”

”ഞങ്ങളുടെ സിനിമയെ കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞെങ്കില്‍, അതിന്റെ അര്‍ഥം സിനിമ മികച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളോടൊപ്പം സിനിമ കാണാന്‍ സൂര്യ സാറും ഉണ്ടായിരുന്നു. സിനിമയുടെ സ്‌ക്രീനിംഗിനിടെ അദ്ദേഹത്തെ നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു.”

”കാരണം എനിക്ക് നല്ല ഭയം തോന്നി. ഇഷ്ടപ്പെട്ടാല്‍ എന്നോട് പറയുമെന്നും ഇല്ലെങ്കില്‍ മൗനം പാലിക്കുമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ വളരെ സന്തോഷം തോന്നി” എന്നാണ് രാധിക പറഞ്ഞിരിക്കുന്നത്. അതേസമയം, സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Read more