പുലര്‍ച്ചെ 2 മണിക്ക് ഹൃത്വിക് റോഷന്റെ കോള്‍, അദ്ദേഹം എന്നെയാണ് വിളിച്ചതെന്ന് മനസിലാക്കാന്‍ സമയമെടുത്തു: കൃതി സനോന്‍

പുലര്‍ച്ചെ 2 മണിക്ക് ഹൃത്വിക് റോഷന്‍ തന്നെ ഫോണ്‍ ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി കൃതി സനോന്‍. 2014ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ‘ഹീറോപന്തി’ എന്ന ചിത്രത്തിലൂടെയാണ് കൃതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേ സമയത്ത് രാത്രി 2 മണിക്ക് തന്റെ ടീനേജ് ക്രഷ് ആയ ഹൃത്വിക് റോഷന്‍ തന്നെ വിളിച്ചതായാണ് കൃതി പറയുന്നത്. ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലാണ് കൃതി സംസാരിച്ചത്.

”എന്റെ മുറിയില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹീറോപന്തി റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തിന് വേണ്ടി മാത്രം ടൈഗര്‍ സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയിരുന്നു. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ 2 മണിക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു. ഒരു അജ്ഞാത നമ്പര്‍ ആയിരുന്നു.”

”ഞാന്‍ ട്രൂകോളറില്‍ നോക്കി, അതില്‍ ഹൃത്വിക് റോഷന്‍ എന്നാണ് കാണിച്ചത്. അദ്ദേഹം എന്നെ വിളിച്ചതാണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. പിന്നെ രാവിലെ ആകുന്നത് വരെ കാത്തിരുന്നു, അദ്ദേഹത്തെ തിരികെ വിളിച്ചു” എന്നാണ് കൃതി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തേരേ ഇഷ്‌ക് മേ, കോക്ടെയ്ല്‍ 2 എന്നീ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more

‘1: നെനോക്കഡൈന്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി സനോന്‍ അഭിനയരംഗത്തേക്ക് എത്തിയത്. 2021ല്‍ പുറത്തിറങ്ങിയ ‘മിമി’ എന്ന ചിത്രത്തിലൂടെ കൃതി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. ‘ദോ പത്തി’ എന്ന ചിത്രമാണ് കൃതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.