സ്വജനപക്ഷപാതത്തെ അനുകൂലിച്ച് കങ്കണ, നിലവിലെ വാദങ്ങള്‍ പച്ചക്കള്ളം; തിരിച്ചടിയായി പഴയ വീഡിയോ, വിവാദം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയോടെ സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് കങ്കണ റണൗട്ട്. കരണ്‍ ജോഹര്‍, മഹേഷ് ഭട്ട് തുടങ്ങി നിരവധി പേരെ കങ്കണ വിമര്‍ശിച്ചിരുന്നു. കരണിനെ പോലുള്ളവര്‍ സ്വജനപക്ഷപാതത്തിന്റെ വക്താക്കളാണെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ പത്ത് വര്‍ഷം മുമ്പ് സ്വജനപക്ഷപാതത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കങ്കണയ്ക്ക് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പത്ത് വര്‍ഷം മുമ്പുള്ള കങ്കണയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇതിന് തെളിവായി പുറത്തു വിട്ടിരിക്കുന്നത്.

ബോളിവുഡില്‍ എത്തിയതു മുതല്‍ സ്വജനപക്ഷപാതത്തെ എതിര്‍ക്കുന്ന ആളാണ് താന്‍ എന്ന താരത്തിന്റെ വാദം പച്ചക്കള്ളമാണെന്ന് വീഡിയോ വ്യക്തമാക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. തന്റെ കുടുംബ മഹിമ കാരണം പ്രീ മെഡിക്കല്‍ ടെസ്റ്റിന് തനിക്ക് ലഭിക്കുന്ന ക്വാട്ടയും താരസന്തതികള്‍ക്ക് ലഭിക്കുന്ന അവസരവും ഒരു പോലെയാണെന്ന് കങ്കണ വീഡിയോയില്‍ വ്യക്തമാക്കുന്നത്.

“”അച്ഛന്‍ വ്യവസായിയാണ്, അമ്മ അധ്യാപിക, മുത്തശ്ശന്‍ ഐഎഎസ് ഓഫീസറായിരുന്നു, മുതുമുത്തശ്ശന്‍ സ്വാതന്ത്ര സമരസേനാനിയായിരുന്നു. അതിനാല്‍ ഞാന്‍ പ്രീ മെഡിക്കല്‍ ടെസ്റ്റിന് വിധേയയായപ്പോള്‍ എനിക്ക് പ്രത്യേക ക്വാട്ടയുണ്ട്. അത് ഞാന്‍ അത്തരത്തിലുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് ലഭിക്കുന്നതാണ്. ബോളിവുഡിലേക്ക് വരുമ്പോള്‍ അവിടുത്തെ താരങ്ങളുടെ മക്കള്‍ക്ക് 30 ശതമാനം ക്വാട്ടയുണ്ടെന്ന ബോദ്ധ്യത്തോടെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്.”” എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്.

ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തത്. ഇതോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ ബോളിവുഡിലെ മൂവി മാഫിയകള്‍ സുശാന്തിനെ മോശം നടനാക്കി ചിത്രീകരിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. തപ്സി പന്നു, സ്വര ഭാസ്‌ക്കര്‍, അനുരാഗ് കശ്യപ്, ആയുഷ്മാന്‍ ഖുറാന, കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരെയും കങ്കണ വിമര്‍ശിച്ചിരുന്നു.