'ഗ്രെറ്റ തുന്‍ബെര്‍ഗ് കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവ'; യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകരെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് കങ്കണ

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. ഗ്രെറ്റ തുന്‍ബെര്‍ഗ് കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവയാണ്. യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് ഒരു ഫാന്‍സി ആക്ടിവിസ്റ്റുകളും സംസാരിക്കില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഈ വര്‍ഷം പദ്മശ്രീക്ക് അര്‍ഹയായ 105 വയസുള്ള കര്‍ഷക ആര്‍ പപ്പമ്മാളിന്റെ വാര്‍ത്ത പങ്കുവെച്ചാണ് കങ്കണയുടെ ട്വീറ്റ്.

“”യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് നമ്മുടെ സ്വന്തം മുത്തശ്ശിയെ കുറിച്ച് ഒരു ഫാന്‍സി ആക്ടിവിസ്റ്റുകളും സംസാരിക്കില്ല… എന്നാല്‍ ഗ്രെറ്റയെ പോലുള്ള വിഡ്ഢികളെ അവര്‍ പ്രോത്സാഹിപ്പിക്കും. കമ്മ്യൂണിസ്റ്റ് ലോബിയുടെ പാവയാണ് ഗ്രെറ്റ തുന്‍ബെര്‍ഗ്. അതിന് പ്രതിഫലമായി അവള്‍ നഷ്ടപ്പെടുത്തുന്നത് അവളുടെ വിദ്യാഭ്യാസമാണ്”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

കര്‍ഷക സമരത്തില്‍ ഉണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്ത പങ്കുവെച്ച് “”ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു”” എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്.

Read more

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയ്‌ക്കെതിരെയും വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എന്താണ് നമ്മള്‍ ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. കര്‍ഷകര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായതു കൊണ്ടാണ് അതേ കുറിച്ച് ആരും സംസാരിക്കാത്തത് എന്നാണ് കങ്കണ ട്വീറ്റിന് മറുപടി കൊടുത്തത്.