നിങ്ങള്‍ മണികര്‍ണികയല്ലേ, ചൈനയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കൂ; കങ്കണയെ പരിഹസിച്ച് അനുരാഗ് കശ്യപ്

Advertisement

നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിലാവുകയാണ്. ബോളിവുഡും മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള കങ്കണയുടെ തുറന്ന യുദ്ധമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കങ്കണയുടെ പുതിയ ട്വീറ്റിന് സംവിധായകന്‍ അനുരാഗ് കശ്യപ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

”ഞാന്‍ ഒരു യോദ്ധാവാണ്. എന്റെ തല വെട്ടാന്‍ ഞാന്‍ സമ്മതം നല്‍കും. പക്ഷേ, എനിക്ക് തല കുനിക്കാനാവില്ല. എന്റെ രാജ്യത്തിന്റെ അഭിമാനത്തിനായി ഞാന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തും. അഭിമാനിയായി ബഹുമാന്യയായി ആത്മാഭിമാനത്തോടും ഒരു ദേശീയവാദിയെന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കും! എന്റെ തത്വങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും ചെയ്യില്ല! ജയ് ഹിന്ദ്” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

”സഹോദരി നിങ്ങള്‍ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ ഒരേയൊരു യഥാര്‍ത്ഥ മണികര്‍ണിക. നാലോ അഞ്ചോ പേരെ കൊണ്ടുപോയി ചൈനയുമായി യുദ്ധം ചെയ്യുക. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ അതിക്രമിച്ച് കയറിയത് കണ്ടില്ലേ. ഞങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉള്ള സമയം വരെ ഇന്ത്യക്ക് ഭയക്കേണ്ടതില്ലെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുക. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്” എന്നാണ് അനുരാഗ് കശ്യപിന്റെ മറുപടി.

ഈ ട്വീറ്റിന് മറുപടിയുമായും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ‘ശരി ഞാന്‍ അതിര്‍ത്തിയിലേക്ക് പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്‌സിന് പോകണം. രാജ്യത്തിനായി സ്വര്‍ണമെഡല്‍ കൊണ്ടുവരണം. കലാകാരന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബി-ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. എന്ന് മുതലാണ് ഇങ്ങനെ വിഡ്ഢിയായി മാറിയത്. നമ്മള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങള്‍ക്കല്‍പം ബുദ്ധിയൊക്കെ ഉണ്ടായിരുന്നു” എന്നാണ് കങ്കണയുടെ മറുപടി.