വിവാഹത്തെ അന്ന് പലരും എതിര്‍ത്തിരുന്നു, സ്വഭാവത്തില്‍ വ്യത്യസ്തരാണെന്നാണ് അന്ന് കാരണം പറഞ്ഞത്; കജോള്‍

ബോളിവുഡിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് കജോള്‍. ആക്ഷനും കോമഡിയും എല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില നായികമാരിൽ ഒരാൾ. ഇന്നും ബോളിവുഡിൽ സജിവമായ കജോളിന്റെയും നടന്‍ അജയ് ദേവ്ഗണിന്റേയും പ്രണയവും വിവാഹവുമൊക്കെ സിനിമ പോലെ തന്നെയായിരുന്നു. സ്വഭാവത്തില്‍ വ്യത്യസ്തരാണ് ഇരുവരും കജോള്‍ ഒരുപാട് സംസാരിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണെങ്കില്‍ അന്തര്‍മുഖനാണ് അജയ് ദേവ്ഗണ്‍. ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും സുഹൃത്തുക്കളായി മാറി. പിന്നെ ആ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അജയും കജോളും പരിചയപ്പെടുന്നത്. ചിത്രത്തില്‍ നായികയാകേണ്ടിയിരുന്ന ദിവ്യ ഭാരതിയുടെ മരണത്തോടെയാണ് കജോള്‍ ആ സിനിമയിലേക്ക് എത്തുന്നത്. ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി. നാല് വര്‍ഷത്തോളം അജയും കജോളും പ്രണയിച്ചു. പിന്നീട് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1999 ഫെബ്രുവരി 24 നായിരുന്നു വിവാഹംമുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ ഇരുവരും യൂറോപ്പിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോവുകയായിരുന്നു.

എന്നാല്‍ താനും അജയും തമ്മിലുള്ള വിവാഹത്തെ പലരും അന്ന് എതിര്‍ത്തിരുന്നുവെന്നാണ് കജോള്‍ പിന്നീട് പറഞ്ഞത്. 2018 ല്‍ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കജോള്‍ മനസ് തുറന്നത്. തന്റെയും അജയ് യുടെയും കുടുംബം  മാത്രമല്ല ആരും തങ്ങള്‍ വിവാഹം കഴിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ കുടുംബം എതിര്‍ത്തു. തന്റെ അച്ഛന്‍ സമ്മതിച്ചില്ല. ഒരാഴ്ച തന്നോട് സംസാരിച്ചില്ല. കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ നീ ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിക്കുന്നത്, നീ ചെറുപ്പമല്ലേ, കരിയറും നന്നായി പോകുന്നുണ്ടല്ലോ എന്നായിരുന്നു ചോദിച്ചത്.

പക്ഷെ  കല്യാണം കഴിക്കണമെന്ന് താൻ ഉറപ്പിച്ച് പറഞ്ഞുവെന്ന് കാജോൾ പറയുന്നു.താനും അജ യ്യും തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളായിരുന്നു. അതിനാല്‍ ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ അത്ര സോഷ്യലുമായിരുന്നില്ല അന്ന്. ഞങ്ങള്‍ ഒരുമിച്ച് അധികം ആളുകളെയൊന്നും കണ്ടിട്ടുമില്ല ഞങ്ങള്‍ ഒരുമിച്ചാണെന്ന് പലര്‍ക്കും അറിയുകയുമില്ലായിരുന്നു എന്നാണ് കജോള്‍ പറഞ്ഞത്. എന്തായാലും ഒടുവില്‍ കുടുംബം സമ്മതം മൂളി. അങ്ങനെ തങ്ങൾ ഒന്നിക്കുകയായിരുന്നെന്നും കജോൾ പറഞ്ഞു