കര്‍ഷക സമരത്തിന് പിന്തുണ വേണം; ജാന്‍വി കപൂറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധം

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. പഞ്ചാബില്‍ ഷൂട്ടിംഗ് നടക്കുന്ന ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിന്റെ സെറ്റിലാണ് പ്രതിഷേധക്കാര്‍ അതിക്രമിച്ച് എത്തിയത്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ജാന്‍വി പരസ്യ പ്രസ്താവന നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കര്‍ഷക സമരത്തെ ബോളിവുഡ് താരങ്ങളൊന്നും ഇതുവരെ അനുകൂലിക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല. ഇതോടെയാണ് സിദ്ധാര്‍ഥ് സെന്‍ഗുപ്ത ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കര്‍ഷകര്‍ എത്തിയത്. ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു.

ജാന്‍വി സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കുമെന്ന ഉറപ്പ് സംവിധായകനില്‍ നിന്ന് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ലൊക്കേഷനില്‍ നിന്നും പോയത്. പിന്നാലെ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രസ്താവന പോസ്റ്റ് ചെയ്തു.

“”കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തെ ഊട്ടൂന്ന അവരുടെ പങ്ക് ഞാന്‍ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന ഒരു നല്ല പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”” എന്നാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Farmers