'സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിന് ഞാനില്ല'; പ്രതികരിച്ച് നടന്‍, കത്രീനയ്ക്കും വിക്കി കൗശലിനും വിമര്‍ശനം

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കനത്ത നിബന്ധനകളാണ് താരം വച്ചിരിക്കുന്നത്. ഈ നിബന്ധനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുകയാണ്.

നടന്‍ ഗജ്രാജ് റാവുവിന്റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫോണില്‍ സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിനേ താനില്ല എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗജ്രാജ് പ്രതികരിച്ചത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയില്ല.

ഫോട്ടോ എടുക്കാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.

വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അയച്ചിട്ടുണ്ട്. ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്ന് ആരാധകരും ചോദിക്കുന്നത്.

അതേസമയം, ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. രാജസ്ഥാനില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് റിസെപ്ഷന്‍ ഒരുക്കുന്നത്. അതിഥികളുടെ ലിസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകും ഉള്‍പ്പെടും എന്നാണ് സൂചന.