കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ടത്. 42 കാരിയായ ഷെഫാലിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം വന്ന റിപോർട്ടുകൾ. എന്നാൽ, നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് പരാഗ് ത്യാഗി ഷെഫാലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. നേരത്തെ നടിയുടെ വീട്ടിൽ നേരത്തെ ഫോറൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഷെഫാലി ഏഴ്-എട്ട് വർഷമായി ഉപയോഗിച്ചിരുന്ന ആന്റി-ഏജിങ് മരുന്നുകളാണോ മരണത്തിന് കാരണമായത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എട്ട് വർഷമായി നടി ഈ മരുന്നുകൾ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മരണപ്പെടുന്നതിനു തൊട്ടുമുൻപ്, ജൂൺ 27ന് ഷെഫാലിയുടെ വീട്ടിൽ പൂജ നടന്നിരുന്നു. ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോർട്ട്. ഇത് മരണത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല, പോസ്റ്റ്‌മോർട്ടം ഫലങ്ങളുടെയും പിടിച്ചെടുത്ത വസ്തുക്കളുടെ രാസ വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
2000 കളുടെ തുടക്കത്തിൽ ഹിറ്റായ ‘കാന്തലഗ’ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജരിവാല കൂടുതൽ അറിയപ്പെടുന്നത്. ഈ ഗാനത്തിലൂടെയാണ് അവർക്ക് ‘കാന്ത ലഗ ഗേൾ’ എന്ന പദവി ലഭിച്ചത്. ബിഗ് ബോസ് 13 സീസണും നടിയെ താരപദവിയിലേക്ക് ഉയർത്തി. 2004 ൽ ഷെഫാലി മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ വിവാഹം കഴിച്ചു, പക്ഷേ 2009 ൽ വേർപിരിഞ്ഞു. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.