ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾക്കും വിമര്‍ശനങ്ങൾക്കും തോൽപ്പിക്കാനായില്ല; 200 കോടി കടന്ന് 'ബ്രഹ്മാസ്ത്ര'

ബോയ്‌കോട്ട് ക്യാംപെയ്നിന് പോലും തോൽപ്പിക്കാനാകാതെ രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്ര’. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള തലത്തിൽ ചിത്രം ഇതുവരെ 220 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ബഹിഷ്‌കരണാഹ്വാനങ്ങളും വിമര്‍ശനങ്ങളും ഏറെ നേരിട്ട സിനിമ ആദ്യ ദിനം തന്നെ ഗംഭീര കളക്ഷന്‍ നേടിയിരുന്നു. റിലീസ് ദിനത്തില്‍ ആഗോള തലത്തില്‍ 75 കോടി ചിത്രം നേടിയെന്നാണ് സിനിമയുടെ നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ പുറത്തു വിട്ട വിവരം.

ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയായാണ് ചിത്രത്തിന്റെ ആരാധകര്‍ ഈ കണക്കുകളെ കൊണ്ടാടുന്നത്. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോര്‍ട്ട്.

Read more

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.