രണ്‍ബിറിന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങണം, ഇത് പറയാനൊരു കാരണവുമുണ്ട്..; വെളിപ്പെടുത്തി 'അനിമല്‍' സംവിധായകന്‍

രണ്‍ബിര്‍ കപൂറിന്റെ കാല് വണങ്ങി അനുഗ്രഹം വാങ്ങിക്കണമെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് പറഞ്ഞ് ‘അനിമല്‍’ ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ചിത്രമാണ് അനിമല്‍. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹൈദരാബാദില്‍ നടന്നിരുന്നു. ഈ ചടങ്ങിലാണ് രണ്‍ബിറിന്റെ കാല് വണങ്ങി അനുഗ്രഹം വാങ്ങണമെന്ന് തോന്നിയതിനെ കുറിച്ച് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്. രണ്‍ബിറിന്റെ അഭിനയത്തെ പുകഴ്ത്തിയാണ് സംവിധായകന്‍ സംസാരിച്ചത്.

”രണ്‍ബിര്‍ എന്നേക്കാള്‍ ചെറുപ്പമായിരിക്കും, പക്ഷെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എനിക്ക് കാല് വണങ്ങി അനുഗ്രഹം വാങ്ങാന്‍ തോന്നിയിരുന്നു. ഇത്രയും ക്ഷമയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല” എന്നാണ് സന്ദീപ് റെഡ്ഡി വംഗ പറയുന്നത്. അതേസമയം, 3 മണിക്കൂറും 21 മിനുറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ അഞ്ച് പ്രധാന മാറ്റങ്ങളും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. അതിലൊന്ന് ചിത്രത്തിലെ രണ്‍ബിര്‍-രശ്മിക എന്നിവര്‍ അഭിനയിച്ച അത്യാവശ്യം ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ്.

അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടോക്സിക് പാരന്റിങ് അടക്കം പ്രമേയമാകുന്ന ചിത്രത്തില്‍ രണ്‍ബിറിന്റെ അച്ഛനായാണ് അനില്‍ കപൂര്‍ വേഷമിടുന്നത്.